ഐ ലീഗ്: ചെന്നൈക്ക് തോല്‍വി; ഈസ്റ്റ് ബംഗാളിനും സാധ്യത
പനാജി: ഐ ലീഗ് കിരീടപ്പോരാട്ടത്തില്‍ വീണ്ടും ട്വിസ്റ്റ്. ഇന്നലെ നടന്ന മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ ചര്‍ച്ചിലിനോട് പരാജയപ്പെട്ടതോടെ രണ്ടാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിന് പുതു പ്രതീക്ഷകള്‍ മുളച്ചു. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ചെന്നൈ പരാജയം ഏറ്റുവാങ്ങിയത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചര്‍ച്ചില്‍ ഒന്നാം സ്ഥാനക്കാരെ അട്ടിമറിച്ചത്. ചര്‍ച്ചിലിനൊടേറ്റ തോല്‍വി ചെന്നൈക്ക് തിരിച്ചടിയായിട്ടുണ്ട്. ലീഗില്‍ ഒരു മത്സരം ബാക്കിയുള്ള ചെന്നൈക്ക് ഈ മത്സരം നിര്‍ണായകമായി.
19 മത്സരം കളിച്ച ചെന്നൈ 12 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമടക്കം 40 പോയിന്റോടെയാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഒരു മത്സരം കുറവ് കളിച്ച ഈസ്റ്റ് ബംഗാള്‍ 11 വിജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമടക്കം 36 പോയിന്റോടെ പട്ടികയില്‍ തൊട്ടു പിന്നിലുണ്ട്. അടുത്ത രണ്ട് മത്സരങ്ങള്‍ ഈസ്റ്റ് ബംഗാള്‍ ജയിക്കുകയും ചെന്നൈ പരാജയപ്പെടുകയും ചെയ്താല്‍ ഈസ്റ്റ് ബംഗാളിന് കിരീടം നേടാം. അടുത്ത മത്സരം ജയിച്ചാല്‍ ചെന്നൈ ചാംപ്യന്മാരാവും.
ചര്‍ച്ചിലിനെ അനായാസം കീഴ്‌പ്പെടുത്തി കിരീടം നേടാമെന്ന മോഹത്തോടെയാണ് ചെന്നൈ ഗോവയിലെത്തിയത്. കളിയുടെ 35ാം മിനുട്ടുവരെയും ചെന്നൈക്ക് അനുകൂലമായിരുന്നു കാര്യങ്ങളെല്ലാം. 29ാം മിനുട്ടില്‍ സാന്‍ഡ്രോ റോഡ്രിഗസിലൂടെ ചെന്നൈ അര്‍ഹിച്ച ലീഡെടുക്കുകയും ചെയ്തിരുന്നു.
പക്ഷേ സ്വന്തം മൈതാനത്തിന്റെ മുന്‍തൂക്കം മുതലെടുത്ത ചര്‍ച്ചില്‍ 38ാം മിനുട്ടില്‍ വില്ലീസ് പ്ലാസയിലൂടെ ഗോള്‍ നേടി ചെന്നൈക്ക് വെല്ലുവിളിയുയര്‍ത്തി. ഓരോ ഗോളുകള്‍ നേടി ആദ്യ പകുതിയില്‍ ഇരു ടീമുകളും കളംവിട്ടു. രണ്ടാം പകുതിയില്‍ പൂര്‍ണ ഊര്‍ജസ്വലരായി കളിച്ച ചര്‍ച്ചില്‍ 49ാം മിനുട്ടില്‍ ക്രിസ്റ്റ് റെമിയിലൂടെ ലീഡുയര്‍ത്തി. ഒരു ഗോള്‍ വഴങ്ങിയ ചെന്നൈ സമനില പിടിക്കുകയെന്ന ലക്ഷ്യത്തോടെ ആഞ്ഞടിച്ചു. 69ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി പെഡ്രോ മാന്‍സി വലയിലെത്തിച്ചതോടെ ചെന്നൈക്ക് വീണ്ടും ആശ്വാസമായി.
പക്ഷേ ഈ സന്തോഷത്തിന് ഒരു മിനുട്ടിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. സൂപ്പര്‍ താരം വില്ലീസ് പ്ലാസ ചര്‍ച്ചിലിന്റെ വിജയഗോളും തന്റെ മത്സരത്തിലെ രണ്ടാം ഗോളും നേടിയതോടെ ചെന്നൈക്ക് അടുത്ത മത്സരത്തിന്റെ ഫലം നിര്‍ണായകമായി. 20 ഗോളുമായി ചെന്നൈയുടെ പെഡ്രോ മാന്‍സിയും ചര്‍ച്ചിലിന്റെ വില്ലീസ് പ്ലാസയുമാണ് ഐ ലീഗിലെ ഗോള്‍ പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."