ട്രെയിന്‍ വേണ്ടത്ര ഓടിക്കാം; മലയാളികളെ സ്റ്റേഷനില്‍ എത്തിക്കേണ്ടത് ഇതര സംസ്ഥാനങ്ങള്‍
കൊച്ചി: അതിഥി തൊഴിലാളികളെ കൊണ്ടുപോകാന്‍ എത്ര ട്രെയിനുകള്‍ വേണമെങ്കിലും ഓടിക്കാന്‍ തയാറാണെന്ന് റെയില്‍വേ. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിനനുസരിച്ച് ട്രെയിനുകള്‍ ഓടിക്കാന്‍ തയാറാണ്. എവിടെനിന്ന് എവിടേക്ക് വേണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോട് പറഞ്ഞു.
എന്ന്, എവിടേക്ക് ട്രെയിന്‍ സര്‍വിസ് എന്നത് റെയില്‍വേ രഹസ്യമാക്കി വയ്ക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശത്തിനനുസരിച്ച് ട്രെയിന്‍ തയാറാക്കി നിര്‍ത്തുക മാത്രമാണ് റെയില്‍വേ ചെയ്യുന്നതെന്നും ഈ ഉദ്യോഗസ്ഥന്‍.റെയില്‍വേ സ്റ്റേഷനുകളില്‍ നിരവധി അതിഥി തൊഴിലാളികളാണ് വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് എത്തിച്ചേരുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനും സമയവും യാത്രാ തുകയുംവരെ പ്രസിദ്ധപ്പെടുത്തുന്നുണ്ട്.
റെയില്‍വേക്ക് ഇതേപ്പറ്റി വിവരമില്ല. ഇത്തരം വ്യാജ വിവരങ്ങള്‍ നല്‍കുന്നത് മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്ന് സംശയമുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് കൗണ്ടറോ, യാത്രാ പണം സ്വീകരിക്കുകയോ ചെയ്യുന്നില്ല. സര്‍ക്കാര്‍ നേരിട്ടാണ് യാത്രാതുക അതിഥി തൊഴിലാളികളില്‍നിന്നു പിരിക്കുന്നത്. ഇത് പിന്നീട് റെയില്‍വേക്ക് നല്‍കാനാണ് തീരുമാനം.പൊലിസ് കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികളെ ഓരോ സംസ്ഥാനത്തേക്കും യാത്ര അയക്കാനായി അതത് സ്‌റ്റേഷനുകളില്‍ എത്തിക്കുന്നത്. എന്നാല്‍ ഒറ്റയ്ക്കും കൂട്ടായും നിരവധി പേരാണ് വ്യാജ വാര്‍ത്തകള്‍ കാരണം സ്റ്റേഷനുകളിലേക്ക് എത്തുന്നത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും ആളുകള്‍ സംഘര്‍ഷമുണ്ടാക്കിയാലുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് റെയില്‍വേക്ക് ഉത്തരവാദിത്തമുണ്ടാവില്ലെന്നും റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ അതത് സ്റ്റേഷനുകളിലെത്തിച്ച് കേരളത്തിലേക്ക് അയക്കാനുള്ള ചുമതല അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണുള്ളത്. സംസ്ഥാന സര്‍ക്കാരാണ് ഇതര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. റെയില്‍വേക്ക് അങ്ങോട്ടു പോകുന്ന ട്രെയിനില്‍ തിരികെ വരുമ്പോള്‍ മലയാളികളെ കൊണ്ടുവരുന്നതില്‍ ബുദ്ധിമുട്ടില്ല.
ഇപ്പോള്‍ത്തന്നെ നോര്‍ക്ക വെബ്‌സൈറ്റില്‍ നൂറു കണക്കിനു മലയാളികള്‍ കേരളത്തിലേക്ക് വരാനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിപ്പുണ്ടെന്നും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേക്ക് വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."