ഉരുള്‍പൊട്ടല്‍: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കലക്ടര്‍ക്ക് സി.പി.എമ്മിന്റെ നിവേദനം
കണ്ണൂര്‍: ഇരിട്ടി മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശത്ത് കനത്ത നാശനഷ്ടവും രണ്ടുപേരുടെ മരണത്തിനും ഇടയാക്കിയ സംഭവത്തില്‍ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും വീട് നഷ്ടമായവര്‍ക്ക് വീട് ഉടന്‍ നിര്‍മിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റി കലക്ടര്‍ മിര്‍ മുഹമ്മദലിക്ക് നിവേദനം നല്‍കി. പായം, അയ്യംകുന്ന് പഞ്ചായത്തുകളിലാണ് പ്രധാനമായും നാശനഷ്ടം ഉണ്ടായിട്ടുള്ളത്. വീടും സ്ഥലവും നഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നിര്‍മാണത്തിനായി പായം പഞ്ചായത്ത് മുന്‍കൈയെടുത്ത് സ്ഥലം നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത സ്ഥലത്ത് ഫഌറ്റും, തൊഴില്‍ സംരഭവും ആരംഭിക്കുന്നതിന് പാക്കേജ് തയാറാക്കുക, മരണപ്പെട്ടവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, കേടുപാടുകളുള്ള വീടുകള്‍ക്ക് അറ്റകുറ്റപ്പണിക്ക് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുക, കൂട്ടുപുഴ-മാക്കുട്ടം റോഡ് ഗതാഗത യോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. പ്രകാശന്‍, പി. ഹരീന്ദ്രന്‍ എന്നിവരാണ് നിവേദനം നല്‍കിയത്. അടിയന്തിര നടപടികള്‍ സ്വീകരിക്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."