ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി
പട്‌ന: ബിഹാറില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള 'സങ്കല്‍പ്പ്' റാലിയില്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം പാകിസ്താനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരേ പ്രമേയം കൊണ്ടുവരാനാണ് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഭീകര ക്യാംപുകള്‍ തകര്‍ത്തതിനു ശേഷമുള്ള കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാടുകള്‍ പാകിസ്താനിലെ ജനങ്ങള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. നിയന്ത്രണരേഖയില്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ ചോദിക്കുകയാണ് കോണ്‍ഗ്രസ്. അവരിപ്പോള്‍ വ്യോമസേന നടത്തിയ ആക്രമണത്തെയും സംശയിക്കുന്നു. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും എന്തിനാണു സായുധ സേനകളുടെ ആത്മവീര്യം നശിപ്പിക്കുന്നത്? ശത്രുക്കള്‍ക്കു വളമാകുന്ന പ്രസ്താവനകളാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ജവാന്മാര്‍ക്കൊപ്പം ഉറച്ചുനില്‍ക്കും. ഭീകരര്‍ക്കെതിരേ നിലപാടു സ്വീകരിക്കേണ്ടവര്‍ യോഗം ചേര്‍ന്ന് സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിക്കുകയാണ്. കാവല്‍ക്കാരനെ അവഹേളിക്കാനുള്ള മത്സരമാണ് നടക്കുന്നത്. എന്നാല്‍ കാവല്‍ക്കാരന്‍ ഇപ്പോള്‍ കൂടുതല്‍ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് മോദി പറഞ്ഞു.
ബിഹാറിനു കേന്ദ്രം നല്‍കിയ സംഭാവനകള്‍ എടുത്തുപറയാനും പ്രധാനമന്ത്രി മറന്നില്ല. അടിസ്ഥാന സൗകര്യവികസനം മുതല്‍ ആരോഗ്യം, ഗതാഗതം, വൈദ്യുതി, പട്‌നാ മെട്രോ റെയില്‍ പദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്രം മുന്‍കൈയെടുത്ത് ബിഹാറിനു നല്‍കിയ സംഭാവനകളാണെന്നു മോദി പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിനെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ബി.ജെ.പിയുമായി വീണ്ടും സഖ്യമുണ്ടാക്കിയതിനു ശേഷം ആദ്യമായാണ് നിതീഷ് കുമാറും മോദിയും വേദി പങ്കിടുന്നത്. 2014ല്‍ ബിഹാറിനു പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ചയാളാണ് നിതീഷ് കുമാര്‍. അതിനു ശേഷമുള്ള ആദ്യ വേദി പങ്കിടലിലാണ് സംസ്ഥാനത്തിനു കേന്ദ്രം നല്‍കിയ സംഭാവനകള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞതെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."