കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ഇന്ന് തുടങ്ങും
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ തീരുമാനമായില്ലെങ്കിലും കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കും. നാളെ കോണ്‍ഗ്രസുമായി മാണി വീണ്ടും ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. അതിനു മുന്‍പു തന്നെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിലൂടെ കേരള കോണ്‍ഗ്രസിനെ കുറേക്കൂടി സമ്മര്‍ദത്തിലാക്കി പിന്‍വലിയാനുള്ള സാഹചര്യമൊരുക്കുകയെന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്.
കോണ്‍ഗ്രസ് മത്സരിക്കുന്ന 16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ചിത്രം തയാറായിട്ടുണ്ട്. അതത് ജില്ലാ കമ്മിറ്റികള്‍ ജയസാധ്യതയുള്ളവരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ കെ.പി.സി.സി നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. സിറ്റിങ് എം.പിമാരുള്ളിടങ്ങളില്‍നിന്ന് പട്ടിക നല്‍കേണ്ടതില്ലെന്നും കെ.പി.സി.സി നിര്‍ദേശിച്ചിരുന്നു. വയനാട്, പത്തനംതിട്ട ഡി.സി.സികളോട് പട്ടിക നല്‍കേണ്ടെന്ന് കെ.പി.സി.സി നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റായാണ് വയനാടിനെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ എം.എം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ദീഖ്, വി.വി പ്രകാശ്, കെ.സി.അബു തുടങ്ങി വന്‍നിരയാണ് വയനാട് സീറ്റില്‍ നോട്ടമിട്ട് കരുക്കള്‍ നീക്കുന്നത്. മറ്റു പല നേതാക്കളും സീറ്റിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍നിന്ന് പട്ടിക നല്‍കേണ്ടതില്ലെന്ന് കെ.പി.സി.സി നിര്‍ദേശിച്ചത്. പകരം തെരഞ്ഞെടുപ്പ് സമിതി പേരുകള്‍ നിര്‍ദേശിക്കും. പത്തനംതിട്ടയില്‍ ആന്റോ ആന്റണി എം.പിയെ ഒഴിവാക്കി പട്ടിക നല്‍കാനുള്ള നീക്കം ഉണ്ടായെങ്കിലും കെ.പി.സി.സി നിര്‍ദേശം പാലിച്ച് പട്ടിക നല്‍കിയിട്ടില്ല.
എം.എല്‍.എമാരെ പരിഗണിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെങ്കിലും ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് അടൂര്‍ പ്രകാശിന്റെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. പത്തനംതിട്ട സീറ്റ് ആന്റോ ആന്റണിക്കു നല്‍കുന്നതിനെതിരേ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്, ഡി.സി.സി മുന്‍ പ്രസിഡന്റ് മോഹന്‍ രാജ്, മുന്‍ എം.എല്‍.എ ശിവദാസന്‍ നായര്‍ എന്നിവരുടെ പേരുകള്‍ നിര്‍ദേശിക്കണമെന്ന് എ ഗ്രൂപ്പ് നിലപാടടെുത്തപ്പോള്‍ ആന്റോ ആന്റണിയുടെ പേരിനൊപ്പം എ, ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളെ കൂടി ഉള്‍പെടുത്തി പട്ടിക നല്‍കണമെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ നിലപാട്. മത്സര രംഗത്തില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടരുമ്പോഴും അദ്ദേഹം തന്നെ വടകരയില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ പൊതു നിലപാട്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ നല്‍കുന്ന പട്ടികയില്‍ ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തിയാകും പട്ടിക എ.ഐ.സി.സിക്കു കൈമാറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."