കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് സി.പി.ഐ മാര്‍ച്ച്
കാസര്‍കോട്: മോഡി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ സി.പി.ഐ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
നാല് വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ ദുര്‍ഭരണം രാജ്യത്തിന്റെ സാമ്പത്തിക, കാര്‍ഷിക, സാംസ്‌കാരിക മേഖലയാകെ തകര്‍ക്കുകയും ജനങ്ങളെ നിത്യദുരിതത്തിലാഴ്ത്തിയിരിക്കുകയുമാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സി.പി മുരളി പറഞ്ഞു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം ലംഘിച്ചുകൊണ്ട് കോര്‍പറേറ്റ് കുത്തക മുതലാളിത്തത്തിന് പാദസേവ ചെയ്യുന്ന ബി.ജെ.പി സര്‍ക്കാര്‍ രാജ്യതാല്‍പര്യങ്ങളെ ബലികഴിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിരന്തരമായി വര്‍ദ്ധിപ്പിച്ചുകൊണ്ട് അവശ്യസാധനങ്ങളുടെ നിയന്ത്രണമില്ലാത്ത വിലക്കയറ്റത്തിന് വഴിവെക്കുന്നു. നോട്ട് നിരോധനം പോലുള്ള പരിഷ്‌ക്കാരങ്ങളിലൂടെ സാധാരണക്കാരന്റെ നട്ടെല്ല് തകര്‍ത്ത സര്‍ക്കാര്‍ വിദേശത്തുള്ള കള്ളപണ നിക്ഷേപത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും സംസ്‌കാരത്തിനും ജനാധിപത്യ സംവിധാനത്തിനും ബി.ജെ.പി അപകടം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സംസാരിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് കെ.വി കൃഷ്ണന്‍, ബി.വി രാജന്‍, സി.പി ബാബു, എം അസിനാര്‍, വി രാജന്‍, ജയരാമ ബല്ലംകൂടല്‍, അഡ്വ. വി സുരേഷ് ബാബു, സി.കെ ബാബുരാജ്, എം കുമാരന്‍, പി ഭാര്‍ഗവി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."