ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്ന് അധ്യാപകര്‍ പ്രവര്‍ത്തിക്കണം: വിദ്യാഭ്യാസ മന്ത്രി
താനൂര്‍: ദേവധാര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. വി. അബ്ദുറഹിമാന് എം.എല്‍.എ അധ്യക്ഷനായി. പൊതു വിദ്യാലയങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളാകുമ്പോള്‍ ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷയ്ക്കൊത്ത് അധ്യാപകര്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. മുജീബ് ഹാജി, താനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ സുബൈദ, താനാളൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.എസ് സഹദേവന്, പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണന് ചുള്ളിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ റോയിച്ചന് ഡൊമിനിക് സ്വാഗതവും ഹെഡ്മിസ്ട്രസ് കെ. ദാക്ഷായണി നന്ദിയും പറഞ്ഞു. 7.05 കോടി രൂപ ചെലവില്‍ മൂന്ന് നിലയിലായി 30 ക്ലാസ് മുറികളോടുകൂടിയ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായുള്ള കെട്ടിടമാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ദേവധാര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയത് സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."