പാകിസ്താനില്‍ കാണാതായ ബ്രിട്ടീഷ്, ഇറ്റലി പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഇസ്ലാമാബാദ്: രണ്ടാഴ്ച മുന്‍പ് പാകിസ്താനില്‍ കാണാതായ ബ്രിട്ടീഷ്, ഇറ്റലി പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ടോം ബല്ലാഡ്, ഡാനിയല്‍ നര്‍ദി എന്നിവരുടെ മൃതദേഹങ്ങളാണ് വടക്കന്‍ പാകിസ്താനില്‍ കണ്ടെത്തിയതെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ പറഞ്ഞു.
ഫെബ്രുവരി 24ന് ലോകത്തെ ഉയരം കൂടിയ ഒന്‍പതാമത്തെ കൊടുമുടിയായ നംഗ പര്‍വതം കയറാന്‍ പോയതായിരുന്നു ഇവര്‍. 8,125 മീറ്ററാണ് ഇതിന്റെ ഉയരം. ഇതുവരെ വിജയകരമായി കയറാന്‍ സാധിക്കാതിരുന്ന ഒരു പാത വഴി പര്‍വതത്തിലേക്ക് എത്തിപ്പെടാനായിരുന്നു ഇരുവരുടെയും ശ്രമം. 5,900 മീറ്റര്‍ ഉയരത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പാകിസ്താനി പര്‍വതാരോഹകനായ റഹ്മത്തുല്ല ബൈഗിന്റെ സഹായത്തോടെ സ്പെയിനില്‍നിന്നുള്ള സംഘമാണ് കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നത്. ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് പാകിസ്താന് വ്യോമമേഖല പൂര്‍ണമായും അടച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ലഭ്യമാകാത്തതിനാല്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലും തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."