രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലെ രണ്ടാം സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യം ശക്തം: മത്സരിക്കുന്നത് കേരളത്തില്‍ നിന്നോ?
2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പയറ്റിയ തന്ത്രം ഇപ്രാവശ്യം രാഹുല്‍ ഗാന്ധിയും പയറ്റുമോ? രണ്ടു സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ നിര്‍ബന്ധിക്കുകയാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഘടകങ്ങള്‍.
ഈ ചര്‍ച്ചയ്ക്ക് ആദ്യം തുടക്കമിട്ടത് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. ട്വിറ്ററിലൂടെയാണ് ഈ ആവശ്യം സിദ്ധരാമയ്യ ഉന്നയിച്ചത്. 1999 ല്‍ സോണിയാ ഗാന്ധി ബെല്ലാരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചതും 1978 ല്‍ ഇന്ദിരാ ഗാന്ധി ചിക്കമംഗളൂരുവില്‍ നിന്ന് വിജയിച്ചതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കര്‍ണാടക മാത്രമല്ല, ഈ ആവശ്യമുന്നയിക്കുന്നതെന്നാണ് അറിയുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പാര്‍ട്ടി ഘടകങ്ങള്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
രാഹുല്‍ ഗാന്ധി മത്സരിച്ചുവരുന്നത് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നാണ്.
തെക്ക്- വടക്ക് എന്നിങ്ങനെ ഇന്ത്യ രണ്ടു വിഭാഗമായി മാറിയിട്ടുണ്ടെന്നും അതില്ലാതാക്കാനും കോണ്‍ഗ്രസ് ഇന്ത്യ മൊത്തം വ്യാപിച്ചുള്ള പാര്‍ട്ടിയാണെന്ന് തെളിയിക്കാനും ഇതു സഹായിക്കുമെന്നാണ് കോണ്‍ഗ്രസിലെ ബുദ്ധിജീവികള്‍ കരുതുന്നത്.
ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസിന്റെ പ്രതാപം നഷ്ടപ്പെടുന്നതായും വിലയിരുത്തലുണ്ട്. ആന്ധ്രാവിഭജനത്തിനു ശേഷം ആന്ധ്രപ്രദേശും കോണ്‍ഗ്രസിന് നഷ്ടപ്പെട്ട സ്ഥിതിയാണ്. തമിഴ്‌നാട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഇതുവരെ ആയിട്ടില്ല. കേരളത്തിലും കര്‍ണാടകയിലും മാത്രമാണ് ശക്തിയുണ്ടെന്നെങ്കിലും പറയാനാവുന്ന സ്ഥിതിയുള്ളത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നതായിരിക്കും ദക്ഷിണേന്ത്യയിലെ സീറ്റില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നുവെന്ന കാര്യം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
കേരളത്തില്‍ നാലു സീറ്റുകളുടെ കാര്യത്തില്‍ ഇനിയും തീരുമാനമാക്കാനുണ്ട്. ഡസനിലധികം നേതാക്കള്‍ സ്ഥാനാര്‍ഥിക്കുപ്പായം തുന്നി കാത്തിരിക്കുന്നുമുണ്ട്. അതിനിടയില്‍ രാഹുല്‍ ഗാന്ധിക്ക് ഇടമുണ്ടാവുമോയെന്നതാണ് മറ്റൊരു കാര്യം.
കര്‍ണാടകയില്‍ ഇപ്രാവശ്യം എല്ലാ സീറ്റിലും കോണ്‍ഗ്രസല്ല മത്സരിക്കുന്നത്. 28 മണ്ഡലങ്ങളില്‍ സഖ്യകക്ഷിയായ ജെ.ഡി.എസിന് എട്ടു സീറ്റുകള്‍ വിട്ടുകൊടുത്തു. 20 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
സുരക്ഷിതമായ രണ്ടാം സീറ്റാണ് കോണ്‍ഗ്രസ് ഘടകങ്ങള്‍ രാഹുല്‍ ഗാന്ധിക്കായി ദക്ഷിണേന്ത്യയില്‍ തേടുന്നത്. അങ്ങനെയൊരു സാധ്യത നോക്കുകയാണെങ്കില്‍ മുന്‍ഗാമികളെപ്പോലെ കര്‍ണാടക തന്നെയായിരിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."