ഹജ്ജ് ക്യാംപ് ജൂലൈ 31ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ആദ്യവിമാനം ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് ജൂലൈ 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ ഹജ്ജ് സംഘത്തിലെ 410 തീര്‍ഥാടകരെയും വഹിച്ചുകൊണ്ടുള്ള സഊദി എയര്‍ലൈന്‍സിന്റെ എസ് വി 5916 നമ്പര്‍ വിമാനം ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ 5.30ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ജിദ്ദയിലേക്ക് പറന്നുയരും. തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലായ ടി-3 ലാണ് എത്തിച്ചേരേണ്ടത്. ലഗേജുകള്‍ സ്വീകരിക്കുന്നതിനും ഹാജിമാരുടെ രജിസ്‌ട്രേഷനും ടി-3 ലാണ് സൗകര്യമൊരുക്കുന്നത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹജ്ജ് കമ്മിറ്റിയുടെ വാഹനങ്ങളില്‍ തീര്‍ഥാടകരെ ക്യാംപില്‍ എത്തിക്കും. ക്യാംപിലെ സ്ഥല പരിമിതിയും, പാര്‍ക്കിങ് സൗകര്യങ്ങളുടെ അപര്യാപ്തതയും കണക്കിലെടുത്ത് ഹാജിമാരോടൊപ്പം എത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ക്യാംപിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.
ഹജ്ജ് ക്യാംപിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സിയാലിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എമിഗ്രേഷന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്, സഊദി എയര്‍ലൈന്‍സ്, ഡി.എം.ഒ, പൊലിസ്, ഫയര്‍ഫോഴ്‌സ്, റെയില്‍വേ, ബി.എസ്.എന്‍.എല്‍, ആര്‍.ടി.ഒ, കെ.എസ്.ആര്‍.ടി.സി, എയര്‍ ഇന്ത്യ, എസ്.ബി.ടി, യൂനിയന്‍ ബാങ്ക് തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യോഗത്തില്‍ ക്യാംപുമായി ബന്ധപ്പെട്ട് ഓരോ വിഭാഗങ്ങളും ചെയ്യേണ്ട സേവനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് വ്യക്തമായ രൂപരേഖ തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഇത്തവണ ഹാജിമാര്‍ക്കായി ക്യാംപില്‍ ഏര്‍പ്പെടുത്തുമെന്ന് യോഗത്തിന് ശേഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. സിയാല്‍ അക്കാദമിയിലാണ് ക്യാംപിന് സൗകര്യം ഒരുക്കുന്നത്. ഹാജിമാരുടെ താമസം, നമസ്‌കാരം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവക്ക് അക്കാദമിയില്‍ തന്നെ സൗകര്യം ഒരുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഹാജിമാരുടെ താമസത്തിനും ഓഫിസുകളുടെ പ്രവര്‍ത്തനത്തിനുമായി സിയാല്‍ അക്കാദമി കെട്ടിടം ഉപയോഗിക്കും. കൂടാതെ 1,20,000 ചതുരശ്ര അടിയില്‍ താല്‍ക്കാലിക സംവിധാനവും ഒരുക്കും. സിയാലിന്റെ ചെലവില്‍ 66 ലക്ഷത്തിനാണ് ക്യാംപിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. യോഗത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മലപ്പുറം ജില്ലാ കലക്ടറും ഹജ്ജ് സ്‌പെഷല്‍ ഓഫിസറുമായ അമിത് മീണ , ഹജ്ജ് കമ്മിറ്റി അംഗം ബാബു സേട്ട്, അസി.സെക്രട്ടറി ടി.കെ.അബ്ദുല്‍ റഹ് മാന്‍, സംസ്ഥാന കോ ഓഡിനേറ്റര്‍ എന്‍.പി.ഷാജഹാന്‍, മാസ്റ്റര്‍ ട്രെയിനര്‍ നിഷാദ്, ജില്ലാ ട്രെയിനര്‍ പി.കെ.കുഞ്ഞുമുഹമ്മദ്, മുസ്തഫ ടി മുത്തു, സിയാല്‍ ഡയറക്ടര്‍ എ.സി.കെ നായര്‍, എക്‌സി.ഡയറക്ടര്‍ എ.എം.ഷബീര്‍, ജനറല്‍ മാനേജര്‍ ഗോപാലകൃഷ്ണ, ഡെ.ജനറല്‍ മാനേജര്‍ രാജേന്ദ്രന്‍, സിയാല്‍ പ്രതിനിധികളായ സജി, അബ്ദുല്‍ സലാം, ദിനേശ് കുമാര്‍, സോണി, സുനില്‍കുമാര്‍, എബ്രഹാം, സക്കറിയ തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."