കനത്ത മഴയും കാറ്റും ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ പരക്കെ നാശം
പട്ടിക്കാട്: അപ്രതീക്ഷിത കാറ്റിനെയും മഴയെയും തുടര്‍ന്ന് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്‍ കൃഷിനാശം. മരങ്ങള്‍വീണ് നാലുവീടുകളും തകര്‍ന്നു. ചിറക്കുന്ന് മേനോത്തുപറമ്പില്‍ വീട്ടില്‍ തങ്കമോള്, മച്ചാത്ത് തങ്കമ്മ,കമ്പനിപ്പടി ചെള്ളിയില്‍ വീട്ടില്‍ രജീവന്‍, പള്ളിക്കണ്ടം ഇഞ്ചോടി വീട്ടില്‍ ഉഷ, കരിപ്പക്കുന്ന് ഇമ്മട്ടിപ്പറമ്പ് വീട്ടില്‍ രതീഷ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഇന്നലെ വൈകീട്ട് അഞ്ചേകാലോടെയാണ് ശക്തമായ മഴയും കാറ്റുമുണ്ടായത്. മുക്കാല്‍ മണിക്കൂര്‍ മാത്രമാണ് മഴയും കാറ്റും വീശിയടിച്ചത്.
ഏകദേശം 4000ത്തോളം വാഴകളാണ് കാറ്റില്‍ മറിഞ്ഞുവീണത്. ജാതി,തെങ്ങ് എന്നിവടയക്കം നിരവധി മരങ്ങളും നിലംപതിച്ചു. പുത്തൂര്‍, പട്ടിക്കാട്, പാണഞ്ചേരി, കണ്ണാറ, പീച്ചി, ചുവന്നമണ്ണ്, മഞ്ഞക്കുന്ന്, തെക്കുംപാടം, മാരായ്ക്കല്‍, കൂട്ടാല, പഴയറ, ആല്‍പ്പാറ,താണിപ്പാടം ഭാഗങ്ങളില്‍ നിരവധി മരങ്ങളാണ് കടപുഴകിയത്.
ഓണത്തിനു മുന്നോടിയായി കൃഷിനടത്തുന്ന നേന്ത്ര വാഴകളും, കുലച്ച് വിളവെടുക്കാറായതും ചെറുതും വലുതുമായതുമായ നിരവധി വാഴകള്‍ ഇതില്‍പെടും. ചുഴലിക്കാറ്റ് വീശിയതായി പള്ളിക്കണ്ടം പ്രദേശവാസികള്‍ പറഞ്ഞു. ഇടിവെട്ടും മിന്നലും മൂലം ടി.വി അടക്കമുള്ള നിരവധി ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
റോഡിലേക്ക് മരംവീണ് കണ്ണാറ, പീച്ചി, കുതിരാന്‍ ഭാഗങ്ങളില്‍ ഗതാഗതകുരുക്കും രൂക്ഷമായി. മേഖലയില്‍ വൈദ്യുതിയും നിലച്ചു. വൈകുന്നേരങ്ങളിലെ വിഷു കച്ചവടക്കാരെയും മഴയും കാറ്റും ദുരിതത്തിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."