ക്യാംപ് ഫോളോവേഴ്സ്: ചൂഷണം അന്വേഷിക്കാന്‍ ജില്ലാ ജഡ്ജിയെ നിയോഗിക്കണമെന്ന് ഹരജി
കൊച്ചി: പൊലിസിലെ ക്യാംപ് ഫോളോവേഴ്സ് നേരിടുന്ന ചൂഷണവും ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗവും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തിരുവനന്തപുരം ജില്ലാ ജഡ്ജിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
കേരള ആംഡ് പൊലിസ് ബെറ്റാലിയനില്‍ താല്‍ക്കാലിക ജോലിക്കു വേണ്ടി നിയോഗിക്കപ്പെടുന്നവരാണ് ക്യാംപ് ഫോളോവര്‍മാര്‍. ഇവരെ മേലുദ്യോഗസ്ഥര്‍ വീട്ടുപണിക്ക് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ഇവര്‍ക്കെതിരേയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തണം. ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പലരും പരാതി പറയാത്തത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ഇവരുടെ നിയമനം. ആനുകൂല്യങ്ങളില്ലാതെ ദിവസ വേതന അടിസ്ഥാനത്തിലാണ് ജോലി. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവര്‍ ഗവാസ്കറിനെ മര്‍ദിച്ച സംഭവത്തില്‍ അഭിഭാഷക കമ്മിഷനെ നിയോഗിച്ച് റിപ്പോര്‍ട്ട് തേടണമെന്നും ക്യാംപ് ഫോളോവര്‍മാരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."