പൂവന്‍കോഴികളുടെ രക്ഷയ്ക്കായി സര്‍ക്കാര്‍ ഉത്തരവ്
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് 'ജനിക്കുന്ന' പൂവന് കോഴികളുടെ രക്ഷക്കായി ഒരു സര്‍ക്കാര്‍ ഉത്തരവ്- 'കൊല്ലരുത് '. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഓഫിസറാണ് ജില്ലാ ഓഫിസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 'മുട്ടയിടാത്ത പാവം പൂവന് കോഴികളെ' മുട്ടക്കോഴി വളര്‍ത്തുകേന്ദ്രങ്ങളില്‍ ക്രൂരമായി കൊല്ലുന്നു എന്നാണ് പരാതി. മൃഗങ്ങളുടെയും പക്ഷികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സിന്റെ (പെറ്റ) ഇന്ത്യാ ചാപ്റ്ററാണ് ഈ ക്രൂരത കണ്ടെത്തിയത്.
മുട്ടയിടാത്ത പൂവന് കോഴിക്കുഞ്ഞുങ്ങളെ മുട്ടക്കോഴി വളര്‍ത്തുകേന്ദ്രങ്ങളില്‍ ജനിക്കുമ്പോള്‍ തന്നെ കൊന്നുകളയുകയാണ് പതിവ്. കത്തിച്ചും, വെള്ളത്തില്‍ മുക്കിയും, ജീവനോടെ തന്നെ മത്സ്യങ്ങള്‍ക്ക് തീറ്റയായി ഇട്ടുകൊടുത്തും ഒക്കെയാണത്രെ ഇവയെ കൊല്ലുന്നത്. ഇത് ക്രൂരതയും നിയമവിരുദ്ധവുമാണെന്നും വ്യക്തമാക്കി പെറ്റ ഇന്ത്യാ ചാപ്റ്റര്‍ സംസ്ഥാന മൃഗ സംരക്ഷണ ഓഫിസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. എന്നാല്‍, സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കോഴിവളര്‍ത്തുകേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ പൂവന്‍കോഴിക്കുഞ്ഞുങ്ങളെ കൊല്ലുന്നില്ലെന്നും ആവശ്യക്കാര്‍ക്ക് കുറഞ്ഞ വിലക്ക് വില്‍ക്കുകയാണെന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ ആവശ്യമില്ലാത്ത കോഴികളെ കൊല്ലാതിരിക്കാനുള്ള നിര്‍ദേശം നല്‍കാമെന്നുമായിരുന്നു മറുപടി. തുടര്‍ന്നാണ് ജില്ലാ ഓഫിസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
മുട്ട വിരിയുന്നതിന് മുമ്പുതന്നെ, കോഴിക്കുഞ്ഞ് പൂവനാണോ പിടയാണോ എന്ന് അറിയാന്‍ കഴിയുന്ന ഓവോ സെക്സ് ഡിറ്റര്‍മിനേഷന്‍ സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണെന്ന് 'പെറ്റ' അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."