പിരിച്ചെടുത്ത പണത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തണം
പേരാമ്പ്ര: നടത്താന്‍ കഴിയാത്ത ഉദ്ഘാടന പരിപാടിക്കായി പൊതു ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത പണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ചക്കിട്ടപാറ പഞ്ചായത്തിലെ പേരാമ്പ്ര, ചക്കിട്ടപാറ വില്ലേജ് ഓഫീസുകള്‍ക്കായി നിര്‍മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ മെയ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്നു.
ഇതിനായി കൊയിലാണ്ടി തഹസില്‍ദാര്‍, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ മുഖ്യ നേതൃത്വത്തില്‍സംഘാടക സമിതി രൂപീകരിച്ചിരുന്നു. ഓഫിസുകളില്‍ പുതിയ ഫര്‍ണീച്ചര്‍ വാങ്ങുന്നതിനും ഉദ്ഘാടന ചടങ്ങിനുമായി പൊതു ജനങ്ങളില്‍ നിന്നു സംഭാവനയായി ഫണ്ട് സ്വരൂപിക്കാനും തീരുമാനിക്കുകയുണ്ടായി. മെയ് 20നു മുമ്പ് അന്‍പത് ലക്ഷത്തില്‍പ്പരം രൂപ ബന്ധപ്പെട്ടവര്‍ പിരിച്ചെടുത്തതായി കോണ്‍ഗ്രസ് നേതാവും പേരാമ്പ്ര ബ്ലോക്കു പഞ്ചായത്തു മെമ്പറുമായ ജിതേഷ് മുതുകാട് പറഞ്ഞു.
നിപ പ്രശ്‌നം കാരണം ഉദ്ഘാടന ചടങ്ങ് നടന്നില്ല. തഹസില്‍ദാരുടെ പേരിലാണ് ചിലര്‍ വ്യാപകമായി പിരിവു നടത്തിയത്. അദ്ദേഹത്തെ പോലും ലഭിച്ച ഫണ്ടിന്റെ കാര്യമറിയിച്ചിട്ടില്ല.
മാസമൊന്നു കഴിഞ്ഞിട്ടും പിരിച്ച പണമെവിടെയെന്നു ആര്‍ക്കുമറിയില്ല. സ്വാഗതസംഘം വിളിച്ചിട്ടില്ല. പ്രചരണത്തിനായി ചക്കിട്ടപാറ അങ്ങാടിയില്‍ സ്ഥാപിച്ച കൂറ്റന്‍ കമാനങ്ങള്‍ മാസമൊന്നു കഴിഞ്ഞിട്ടും മാര്‍ഗ തടസം സൃഷ്ടിച്ചു അതേ നില്‍പ്പു തുടരുകയാണ്.ഇത് നീക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കി. വില്ലേജ് ഓഫീസുകളിലേക്കു ഫര്‍ണീച്ചര്‍ വാങ്ങിയിട്ടുമില്ല. യൂത്തു കോണ്‍ഗ്രസുകാര്‍ സംഭാവന നല്‍കിയ കസേരകളാണു രണ്ടു വില്ലേജ് ഓഫിസിലും രക്ഷയായതെന്നു ജിതേഷ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."