കശ്മിരില്‍ സൈന്യം കവചമാക്കിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ സൈന്യം മനുഷ്യകവചമാക്കിയ യുവാവിന്റെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. ഷാളുകളില്‍ ചിത്രത്തുന്നല്‍ ചെയ്യുന്ന ഫാറൂഖ് അഹമ്മദ് ദര്‍ ആണ് സൈന്യത്തിനെതിരേ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പൊലിസിന് നിര്‍ദേശം നല്‍കി.
സൈന്യത്തിനുനേരെ കല്ലേറ് നടത്തിയവര്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ് ഇയാളെ സൈനിക ജീപ്പിന് മുകളില്‍ കെട്ടിയിട്ട് സി.ആര്‍.പി.എഫ് വാഹനമോടിച്ചതെന്ന് 26കാരനായ അഹമ്മദ് ദര്‍ പറഞ്ഞു. താന്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും സുരക്ഷാ സേനക്ക് നേരെ കല്ലേറ് നടത്തിയിട്ടില്ല. ഷാളില്‍ ചിത്രത്തുന്നല്‍ നടത്തുന്ന തൊഴിലാണ് തനിക്ക്. മരപ്പണിയും അറിയാം. ഇത് ചെയ്താണ് പ്രായമായ മാതാവും താനും ജീവിക്കുന്നത്.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം താനനുഭവിച്ച പീഡനത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഏതാണ്ട് നാല് മണിക്കൂറാണ് തന്നെ സൈന്യം ജീപ്പിന് മുകളില്‍ കെട്ടിയിട്ട് പലയിടങ്ങളിലായി ചുറ്റിയത്. ഉത്‌ലിഗാമില്‍ നിന്ന് സോന്‍പാ, നജാന്‍, ഛക്‌പോര, ഹാന്‍ജിഗുരൂ, റാവല്‍പോറ, ഖോസ്‌പോറ, അരിസല്‍ എന്നിവിടങ്ങളിലൂടെ ഏതാണ്ട് 25 കിലോമീറ്ററാണ് ജീപ്പില്‍ തന്നെ കൊണ്ടുപോയത്. ഇതിനിടയില്‍ സി.ആര്‍.പി.എഫ് ക്യാംപിലും എത്തിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് താന്‍ പരാതി നല്‍കിയിട്ടില്ലെന്നും പാവങ്ങളായ തന്നെപ്പോലുള്ളവര്‍ ആര്‍ക്ക് പരാതി നല്‍കാനെന്നുമാണ് ഇയാള്‍ ചോദിച്ചത്. തനിക്ക് എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും യുവാവ് പറയുന്നു.
75 വയസ് പ്രായമുള്ള മാതാവിനെ സംരക്ഷിക്കാന്‍ താന്‍ മാത്രമേയുള്ളൂ. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മാതാവിന്റെ അവസ്ഥയെന്താകുമെന്ന് ആലോചിക്കാന്‍ പോലും കഴിയുന്നില്ലെന്നും അഹമ്മദ് ദര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."