സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തിയില്ലെങ്കില്‍ കോടതിയലക്ഷ്യം
തിരുവനന്തപുരം: സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയാല്‍ കോടതിയലക്ഷ്യത്തിന് കാരണമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
നിശ്ചിത ഫോര്‍മാറ്റില്‍ പ്രധാനപ്പെട്ട മൂന്ന് പത്രങ്ങളിലും മൂന്ന് ടി.വി ചാനലുകളിലും മൂന്നുതവണ വീതമാണ് പരസ്യം ചെയ്യേണ്ടത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയുടെ അടുത്തദിവസം മുതല്‍ വോട്ടെടുപ്പിന് രണ്ടുദിവസം മുന്‍പ് വരെയുള്ള സമയത്താണ് പരസ്യം ചെയ്യേണ്ടത്.
ടി.വിയിലെ പരസ്യം ചുരുങ്ങിയത് ഏഴ് സെക്കന്‍ഡെങ്കിലും വേണം. ടി.വിയില്‍ രാവിലെ എട്ടിനും രാത്രി 10നും ഇടയിലുള്ള സമയത്താണ് പരസ്യം സംപ്രേഷണം ചെയ്യേണ്ടത്. ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങളടങ്ങിയ പരസ്യം സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും.
രാഷ്ട്രീയപ്പാര്‍ട്ടി പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ ചെലവ് രാഷ്ട്രീയകക്ഷിയുടെ കണക്കിലും ഉള്‍പ്പെടുത്തും. സ്ഥാനാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും നിര്‍ദ്ദിഷ്ട സി 4, സി 5 ഫോര്‍മാറ്റിലെ ഫോറത്തിലാണ് പരസ്യം ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."