കഥയിലെ കലാപകാരി
കഥയെഴുതിയതിന്റെ പേരില്‍ ജയിലില്‍ കഴിയേണ്ടിവന്ന ആദ്യത്തെ കഥാകാരനായിരുന്നു പൊന്‍കുന്നം വര്‍ക്കി.
സാമൂഹ്യമാറ്റത്തിനുവേണ്ടിയും സാംസ്‌കാരിക ജീര്‍ണതക്കെതിരെയും നേരിന്റെ പക്ഷത്തുനിന്നാണ് അദ്ദേഹം സാഹിത്യരചന നിര്‍വഹിച്ചത്. ദൈവത്തിന്റെ പേരില്‍ പള്ളിയും പട്ടക്കാരും മത പൗരോഹിത്യവും കൂടിച്ചേര്‍ന്നു നടത്തുന്ന അഴിമതികളെ തുറന്നു കാട്ടുന്ന ഒട്ടേറെ കഥകള്‍ രചിച്ച് സമുദായത്തില്‍ നിന്നു തന്നെ ഭ്രഷ്ടനാക്കപ്പെട്ട കഥാകാരനാണ് അദ്ദേഹം. താന്‍ പ്രതിനിധാനം ചെയ്യുന്ന സഭയേയും പൗരോഹിത്യത്തേയും അന്ധമായി എതിര്‍ക്കുകയായിരുന്നില്ല . യഥാസ്ഥിതിക പൗരോഹിത്യത്തെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
1910 ജൂണ്‍ ഒന്നിന് ആലപ്പുഴ ജില്ലയിലെ എടത്വയിലാണ് ജനിച്ചത്. (1908ലാണ് ജനനം എന്നും കാണുന്നു.)പിതാവ്, ആറു വയസില്‍ മരിച്ചു. അതോടെ അമ്മവീടായ കോട്ടയത്തെ പൊന്‍കുന്നത്തേക്കു താമസം മാറ്റി. ദാരിദ്ര്യത്തിന്റെ നടുക്കായതിനാല്‍ പഠനം ക്ലേശകരമായിരുന്നു. കഠിനാധ്വാനം കൊണ്ടു മാത്രമായിരുന്നു മലയാളം ഹയറും വിദ്വാന്‍ പരീക്ഷയും പാസായത്. ഒരു കത്തോലിക്കന്‍ സ്‌കൂളില്‍ അധ്യാപകനായി. തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സമരം ശക്തിപ്പെട്ടപ്പോള്‍ ജോലിയുപേക്ഷിച്ചു. പള്ളി മേധാവികളുമായി യോജിക്കാന്‍ കഴിയാതിരുന്നതും കാരണമായിരുന്നു.
കര്‍ഷകരുടെ
പങ്കപ്പാടുകള്‍
തകഴി കുട്ടനാടന്‍ കര്‍ഷകരുടെ ജീവിതത്തെ കഥകളില്‍ ആവാഹിച്ചപ്പോള്‍ പൊന്‍കുന്നം വര്‍ക്കി മലനാടന്‍ കര്‍ഷകരുടെ ജീവിതത്തിലെ പങ്കപ്പാടുകളാണ് വിഷയമാക്കിയത്. ജന്മിമാരുടെ ചൂഷണം, ഉദ്യാഗസ്ഥരുടെ അനീതി, പുരോഹിതന്മാരുടെ സദാചാരമില്ലായ്മ തുടങ്ങി ജീവിച്ച കാലത്തിലെ കേരളീയ ജീവിതത്തെ ബാധിച്ച സങ്കീര്‍ണതകള്‍ക്കെതിരേ എഴുത്തിലൂടെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു വര്‍ക്കി.
ഒരിക്കല്‍ അദ്ദേഹം ഇങ്ങനെയെഴുതി; 'പ്രാണവായു ഉള്‍ക്കൊള്ളുന്ന അന്തരീക്ഷത്തിലെ നീതികേട് കാണുമ്പോള്‍ കണ്ണടച്ചുകളയാന്‍ എന്റെ മനുഷ്യത്വത്തിന് പാണ്ഡിത്യമില്ല'. മനുഷ്യരും മിണ്ടാപ്രാണിയും തമ്മിലുള്ള ഗാഢമായ ആത്മ ബന്ധത്തെ അടയാളപ്പെടുത്തുന്ന'ശബ്ദിക്കുന്ന കലപ്പ' ലോക കഥകള്‍ക്ക് മുന്നില്‍ നിര്‍ത്താവുന്ന ചെറുകഥയാണ്. തീവ്രമായ മനുഷ്യസ്‌നേഹമാണ് വര്‍ക്കിയുടെ കഥകളിലും പോരാട്ടങ്ങളിലും നിഴലിച്ചത്. തന്റെ നൈസര്‍ഗീക വാസനകളെ തടവിലിടാന്‍ വര്‍ക്കിക്ക് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തിന്റെ ശബ്ദം കതീനകള്‍ പോലെ പൊട്ടിത്തെറിച്ചത്.
കഥയെഴുതി ജയിലിലില്‍
ജനങ്ങളുടെ താല്‍പര്യങ്ങളോ, അവകാശങ്ങളോ വിലമതിക്കാതെ അമേരിക്കന്‍ മോഡല്‍ ഭരണം നാട്ടില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച ദിവാന്‍ സി.പി രാമസ്വാമി അയ്യരെ പരിഹസിക്കുന്ന കഥയാണ് 'മോഡല്‍'. 1940കളില്‍ സര്‍ സി.പി യുടെ സ്വേഛാധിപത്യത്തിനെതിരേ'മോഡല്‍' എന്ന കഥയെഴുതിയതിന്റെ പേരിലായിരുന്നു ജയില്‍വാസം വിധിക്കപ്പെട്ടത്.
കുപ്പായമിടുന്നവന്റെ ആഗ്രഹം തെറ്റിച്ച് സ്വന്തം ഇഷ്ടപ്രകാരം കുരുക്കുവച്ച മുറിക്കയ്യന്‍ ഷര്‍ട്ട് തുന്നി ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന തയ്യല്‍ക്കാരനിലൂടെ ദ്വയാംഗ ഭാവമുള്ള ഈ കഥ ഏറെ ഒച്ചപ്പാടുണ്ടാക്കി. ഭരണകൂടത്തെ ധിക്കരിച്ചുവെന്ന കാരണത്താല്‍ ജയിലിലെത്തിയ കഥാകാരന്‍ പക്ഷേ, മാപ്പു പറഞ്ഞ് പുറത്തിറങ്ങാന്‍ തയാറായില്ല.'മന്ത്രികെട്ട്' എന്ന കഥയും അധികാരവര്‍ഗത്തെ ചൊടിപ്പിച്ചിരുന്നു.
അന്തോണീ നീയും അച്ചനായോടാ? ,പാളേങ്കോടന്‍, നോണ്‍സെന്‍സ്, ഒരു പിശാചുകൂടി, രണ്ടുചിത്രം എന്നീ കഥകള്‍ പൗരോഹിത്യത്തിന്റെ കാപട്യങ്ങളുടെയും സ്വാര്‍ഥതകളുടെയും നേര്‍ക്ക് സന്ധിയില്ലാ സമരം നടത്തിയ ഒരു നിസ്വാര്‍ഥ കലാകാരന്റെ ആശയങ്ങളാണ് വെളിവാക്കുന്നത്.
കേസരിയുമായി ഗാഢ ബന്ധം
അധികാര ദുഷ്പ്രഭുത്വത്തിന് മുന്നില്‍ കുനിയാത്തൊരു ശിരസ് വര്‍ക്കിക്കുണ്ടായിരുന്നു. തന്റെ സമുദായത്തിന്റെയും പൗരോഹിത്യത്തിന്റെയും ദുര്‍നടപടികള്‍ക്കെതിരേ അദ്ദേഹം നിരന്തരം കഥകളെഴുതി. കേസരി ബാലകൃഷ്ണപിള്ളയുമായുള്ള ഗാഢസൗഹൃദം എഴുത്തിന്റെ മേഖലയില്‍ പുതിയ സൗന്ദര്യാനുഭവങ്ങളെ ആവിഷ്‌ക്കരിക്കാന്‍ സഹായകമായി. ആന്റണ്‍ ചെക്കോവിന്റെയും മോപ്പസാങ്ങിന്റെയും കൃതികള്‍ പരിചയപ്പെട്ടതോടെ വര്‍ക്കിയുടെ കഥകള്‍ക്ക് പുതിയ ദിശാബോധം ലഭിച്ചു.
ആത്മകഥാക്കുറിപ്പില്‍
'ഞാന്‍ സി.പി രാമസ്വാമി അയ്യരുടെ ജയിലില്‍ കിടക്കുകയാണ്. എനിക്ക് സൂപ്രണ്ടില്‍ കൂടി നീണ്ട ഒരറിയിപ്പു കിട്ടി. കഥകളും നാടകങ്ങളും വഴി ഞാന്‍ ക്ലാസ് വാറിനു ജനങ്ങളെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് തടങ്കലില്‍ വച്ചിരിക്കുന്നത്. മാപ്പുചോദിച്ചാല്‍ ഗവണ്‍മെന്റ് അതേപ്പറ്റി പരിഗണിക്കുന്നതായിരിക്കും. ഇതായിരുന്നു അറിയിപ്പ്.
അതിനും കുറെ മുന്‍പ് ചീഫ് സെക്രട്ടറിയും എനിക്ക് ഒരു അറിയിപ്പ് തന്നിട്ടുണ്ടായിരുന്നു. ഞാന്‍ അന്ന് ഒരധ്യാപകനായിരുന്നു. ഞാന്‍ പുതിയ തലമുറയെ സോഷ്യലിസത്തിലേക്ക് നയിക്കുന്നതിനാല്‍ പിരിച്ചുവിട്ടു ശിക്ഷിക്കാതിരിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനകം സമാധാനം കൊടുത്തു കൊള്ളണമെന്ന്. ശരി. കഥയെഴുതിയതുകൊണ്ടാണല്ലോ. ഞാന്‍ സഹിച്ചുകൊള്ളാം. ഇതായിരുന്നു എന്റെ സമാധാനം'.
അദ്ദേഹത്തിന്റെ പ്രഥമ ഗദ്യകവിതാ സമാഹാരമാണ് 'തിരുമുല്‍ക്കാഴ്ച' ആദ്യ കൃതിയും ഇതുതന്നെ. പിന്നീടാണു കഥകളിലേക്കു തിരിഞ്ഞത്.
പുരോഹിതവര്‍ഗത്തോടുള്ള നിലപാട് കഥകളിലും ഗദ്യകവിതയിലും ആത്മകഥയിലും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
കഥകളിലെ സാമൂഹ്യബോധം
മലയാള ചെറുകഥയുടെ സുവര്‍ണ കാലമെന്നു വിശേഷിക്കപ്പെടുന്ന 1930-50 കാലയളവിലാണ് വര്‍ക്കി പ്രധാന കഥകള്‍ എഴുതുന്നത്. നന്മയും തിന്മയും തമ്മിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഏറ്റുമുട്ടലുകളും സന്ധിയില്ലാ സമരങ്ങളുമാണ് മിക്ക നാടകങ്ങളുടെയും കാതല്‍.
അരങ്ങിലെത്തുമ്പോള്‍ കുറിക്കു കൊള്ളുന്ന നര്‍മവും നന്മയും വിജയം ലാക്കാക്കി പ്രയോഗിക്കുന്ന വര്‍ക്കിയുടെ രചനാ ശൈലി പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. റിയലിസമായിരുന്നു കഥകളിലെ പ്രധാന സ്വഭാവം. രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണ കൂടത്തിന്റെ അടിച്ചമര്‍ത്തലും അവതരിപ്പിക്കുന്ന കഥകള്‍ വളരെ വേഗം പ്രസിദ്ധമായി.
ശബ്ദിക്കുന്ന കലപ്പ, ഇടിവണ്ടി, അച്ഛന്‍ കൊമ്പത്തേ, ആ വാഴവെട്ട്, തൊഴിലാളി, റേഷന്‍ തുടങ്ങിയ കഥകള്‍ പട്ടിണിക്കാരായ തൊഴിലാളികളുടെ ജീവിതമാണ് പറയുന്നത്. ഭരണകൂട മര്‍ദനവും പൗരോഹിത്യ ചൂഷണവും ഭയലേശമന്യേ അനുവാചകരെ അനുഭവിപ്പിച്ച പൊന്‍കുന്നം വര്‍ക്കി എക്കാലവും സാധാരണക്കാരുടെ ദുരിതങ്ങളും അതിജീവനവുമാണ് വിഷയമാക്കിയിരുന്നത്.
പുരസ്‌കാരങ്ങള്‍
പുരോഗമന കലാ സാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുകൊല്ലം സേവനമനുഷ്ഠിച്ച വര്‍ക്കി1967 മുതല്‍ 70 വരെ കോട്ടയത്തെ സാഹിത്യകാരന്മാരുടെ കൂട്ടായ്മയായ 'സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ'പ്രസിഡന്റു കൂടിയായിരുന്നു.1971 മുതല്‍74 വരെ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി. സ്‌നേഹസീമ, ഭാര്യ, അള്‍ത്താര എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തുകൂടിയായിരുന്നു. 'ശബ്ദിക്കുന്ന കലപ്പ'യടക്കം ചിലകഥകള്‍ യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
എതിര്‍പ്പിന്റെ അപ്പോസ്തലനായ പൊന്‍കുന്നം വര്‍ക്കിയെ തേടി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും വന്നിട്ടുണ്ട്.
തിരുമുല്‍ക്കാഴ്ച എന്ന പ്രഥമ സമാഹാരത്തിന് മദിരാശി ഗവണ്‍മെന്റിന്റെ സമ്മാനം.
ി 1988 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
ി 1998 -ലെ എഴുത്തച്ഛന്‍ പുരസ്‌കാരം
ി 2002 - ലെ ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്
ി 2002- ലെ വള്ളത്തോള്‍ പുസ്‌കാരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."