കൊവിഡിന്റെ മറവില്‍ ഗ്യാസ് സബ്സിഡിയും നിര്‍ത്തി
പാലക്കാട്: രാജ്യത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ വില നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുന്നതിനിടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള ഗ്യാസ് സബ്സിഡിയും നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഇതേതുടര്‍ന്ന് ഗാര്‍ഹിക കണക്ഷനുകളില്‍ ഗ്യാസ് സിലിണ്ടര്‍ എടുക്കുന്ന മുറയ്ക്ക് ഏജന്‍സികള്‍ ബാങ്കിലേക്ക് നല്കുന്ന സെയില്‍ റിപ്പോര്‍ട്ട് തടഞ്ഞുവയ്ക്കാനാണ് ഗ്യാസ് കമ്പനികള്‍ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സബ്സിഡി നല്‍കുന്നത് നിര്‍ത്തിവച്ചതിനെക്കുറിച്ച് ആരെങ്കിലും അന്വേഷിച്ചാല്‍ നെറ്റ്വര്‍ക്ക് തകരാറിലാണെന്നോ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ വൈകുന്നതാണെന്നോ പറയാനാണ് ഏജന്‍സികള്‍ക്ക് പെട്രോളിയം കമ്പനികള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ മാസം 640 രൂപ നല്കി ഗ്യാസ് വാങ്ങിയ വീട്ടമ്മ സബ്സിസിഡി പിന്‍വലിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് കേന്ദ്ര തീരുമാനം പുറത്തറിയുന്നത്.
ഇതില്‍ സി.ഇ.ജി.എസ്.ടിയായ 14.50 രൂപയും ജി.എസ്.ടിയായ 14.50 രൂപയും ഡെലിവറി തുകയായ 30 രൂപയും സിലിണ്ടര്‍ വീട്ടില്‍ക്കൊണ്ട് തരുന്നതിനുള്ള 10 രൂപയും ഉള്‍പ്പെടുന്നുണ്ട്. ഗ്യാസ് കമ്പനി നല്കുന്ന ബില്ലില്‍ നേരത്തെ സബ്സിഡി തുക രേഖപ്പെടുത്തി നല്‍കാറുണ്ടെങ്കിലും ഇത്തവണ അത് കാണിച്ചിട്ടില്ല.
മൊബൈല്‍ എസ്.എം.എസിലൂടെയുള്ള അറിയിപ്പിലും തുക രേഖപ്പെടുത്തുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഗ്യാസിന്റെ വിലയും സബ്സിഡിയും എസ്.എം.എസിലൂടെ കൃത്യമായി ലഭിച്ചിരുന്ന ഉപഭോക്താവിന് ഇനി സബ്സിഡി അറിയണമെങ്കില്‍ ബാങ്കില്‍ പോയാലും സാധിക്കില്ല. ഭാരത് ഗ്യാസ്, ഇന്‍ഡെയ്ന്‍, ഹിന്ദുസ്ഥാന്‍ എന്നീ പെട്രോളിയം കമ്പനികള്‍ മുഖേനയാണ് ഇന്ത്യയില്‍ സ്ബസിഡിയുള്ള പാചകവാതകം വിതരണംചെയ്യുന്നത്. സബ്സിഡി തടഞ്ഞുവയ്ക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന് കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ എത്തുക.
കൊവിഡിന് ശേഷം ജനജീവിതം സാധാരണ നിലയിലേക്കെത്തുമ്പോഴേക്കും ഗ്യാസ് വിലയില്‍ അസ്വാഭാവികത തോന്നാത്തവിധത്തില്‍ പൊരുത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."