ക്രൂര മര്‍ദനം; ഏഴ് വയസുകാരന്റെ ജീവനുവേണ്ടി പ്രാര്‍ഥനയോടെ ഒരു നാട്
തൊടുപുഴ: ഏഴുവയസുകാരന്റെ ജീവനുവേണ്ടി പ്രാര്‍ഥനയോടെ കേരളം. അമ്മയുടെ കാമുകന്റെ ക്രൂരമായ മര്‍ദനമേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെങ്കിലും തലയോട്ടി പൊട്ടി തലച്ചോറ് പുറത്തുവന്ന കുട്ടിയുടെ സ്ഥിതി മോശമായി തുടരുകയാണ്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് 48 മണിക്കൂറിലധികമായി കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇന്നലെ ഉച്ചയോടെ കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവച്ചിതായിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ എല്ലാവരും പ്രാര്‍ഥനയിലായിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ വിദഗ്ദ സംഘം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ജീവനുള്ളതായി തിരിച്ചറിഞ്ഞത്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഡോക്ടര്‍മാര്‍. ഏതാനും ദിവസം കൂടി വെന്റിലേറ്ററിന്റെ സഹായം തുടര്‍ന്നാല്‍ കുട്ടിയുടെ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്നാണ് ഡോക്ടര്‍മാരുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ 28ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഏഴുവയസുകരാനായ കുട്ടിയെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേസില്‍ പ്രതിയായ അരുണിന്റെ ക്രൂരമായ മര്‍ദന കഥകള്‍ പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ പുറത്തുവരികയും ചെയ്തു. ഇളയകുട്ടി സോഫയില്‍ മൂത്രം ഒഴിച്ചതിനെ തുടര്‍ന്നാണ് പ്രതി ക്രൂരമര്‍ദനത്തിന് മുതിര്‍ന്നത്. സംഭവദിവസം കുട്ടികളുടെ അമ്മയോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാനായി പോയി തിരികെ എത്തുമ്പോള്‍ ഇളയകുട്ടി സോഫയില്‍ കിടന്നുറങ്ങുകയായിരുന്നു. കുട്ടിയെ വിളിച്ചെഴുന്നേല്‍പ്പിക്കുമ്പോഴാണ് കുട്ടി മൂത്രമൊഴിച്ചത് ശ്രദ്ധയില്‍പ്പെടുന്നത്. ഇത് മര്‍ദനമേറ്റ കുട്ടിയുടെ അശ്രദ്ധക്കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കുട്ടിയെ ചവിട്ടിയതിനെ തുടര്‍ന്ന് തെറിച്ച് വീണ കുട്ടി ഭിത്തിയില്‍ ഇടിച്ച് നിലത്ത് വീണു. തുടര്‍ന്ന് കുട്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും എടുത്തെറിഞ്ഞു. ഭിത്തിയില്‍ തലയിടിച്ചതിനെ തുടര്‍ന്ന് അനക്കമില്ലാതെ കിടന്ന കുട്ടിയെ കലി തീരുവോളം ചവിട്ടുകയും തറയില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇതിനിടെയാകാം തലയോട്ടി പൊട്ടി തലച്ചോറ് പുറത്തേക്ക് വന്നതെന്നാണ് പൊലിസിന്റെയും ഡോക്ടര്‍മാരുടേയും നിഗമനം. നെഞ്ചിനും വയറിനും ചവിട്ടേറ്റ കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ തൊടുപുഴയിലെ കുമാരമംഗലത്ത് വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തില്‍ തെളിവെടുപ്പിന് എത്തിച്ചിരുന്നു. വന്‍ പൊലിസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രതിയെ ഇവിടെയെത്തിച്ചത്. വീടിനു ചുറ്റും തടിച്ചുകൂടിയ ജനം പ്രതിയെ തിരികെ പൊലിസ് വാഹനത്തില്‍ കയറ്റുമ്പോഴേക്കും അക്രമാസക്തരായിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി കെ.പി ജോസ്, സി.ഐ അഭിലാഷ് ഡേവിഡ്, എസ്.ഐ എം.പി സാഗര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മടങ്ങാന്‍ ശ്രമിച്ചെങ്കിലും ജനം പൊലിസ് വാഹനം വളഞ്ഞത് സംഘര്‍ഷാവസ്ഥക്ക് ഇടയാക്കുകയും ചെയ്തു.
കുട്ടികളോടുള്ള അതിക്രമം ഇടുക്കിയില്‍ തുടര്‍ക്കഥ
തൊടുപുഴ: കുട്ടികളോടുള്ള ആതിക്രമം ഇടുക്കി ജില്ലയില്‍ തുടര്‍ക്കഥയാകുന്നു. നവജാത ശിശുവടക്കം രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഏറ്റവും ക്രൂരമായ സംഭവമാണ് കുമാരമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്. 2013ല്‍ കുമളിക്ക് സമീപം ചെങ്കരയില്‍ അഞ്ച് വയസുള്ള ഷെഫീക്കിന് നേരെയുണ്ടായ അതിക്രമം ഏറെ ചര്‍ച്ചയായിരുന്നു. രണ്ടാനമ്മ അലീഷയും പിതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് എടുത്തെറിഞ്ഞ കുട്ടി ദിവസങ്ങളോളം ബോധമറ്റ് കിടന്നു.
പിന്നീട് അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ഏറ്റെടുത്ത കുട്ടി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ചികിത്സയില്‍ ഏറെ നില മെച്ചപ്പെട്ടെങ്കിലും നടക്കുന്നതിനോ നിവര്‍ന്ന് നില്‍ക്കുന്നതിനോ ഇന്നും ഷെഫീക്കിന് ആയിട്ടില്ല. 2017 ജൂലൈയില്‍ കുമാരമംഗലത്ത് തന്നെ 10 വയസുകാരനെ അച്ഛന്‍ പൊള്ളിച്ച് മാരകമായി പരുക്കേല്‍പ്പിച്ച സംഭവമുണ്ടായി. 10 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂരത. 2017 ജൂലൈയില്‍ കട്ടപ്പന മരിയാപുരത്ത് തൊട്ടിലിലില്‍ കിടന്ന നാല് മാസം പ്രായമുള്ള അനാമിക എന്ന പെണ്‍കുട്ടിയെ അച്ഛന്‍ കട്ടിലില്‍ തലയിടിപ്പിച്ച് കൊന്നിരുന്നു.
2018 ഡിസംബറില്‍ കുമളിക്ക് സമീപം നൃത്താധ്യാപിക വായില്‍ തുണി തിരുകി ആറ് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. ആ വര്‍ഷം തന്നെ ജൂലൈയില്‍ ഒന്നാം ക്ലാസുകാരനായ കുട്ടിയെ പഠനത്തിന് മോശമായതിന് വണ്ടിപ്പെരിയാറില്‍ ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. 2017 ജനുവരിയില്‍ അടിമാലി സ്വദേശിയായ യുവതിയെയും നവജാത ശിശുവിനെയും ഭര്‍ത്താവ് മര്‍ദിക്കുകയും കുട്ടി മരിക്കുകയും ചെയ്തു. 2016 ഓഗസ്റ്റില്‍ കൂമ്പന്‍പ്പാറയില്‍ വച്ച് നസീര്‍ - സലീമ ദമ്പതികള്‍ 10 വയസുള്ള കുട്ടിയെ ലഹരിയുടെ ആസക്തിയില്‍ ക്രൂരമായി മര്‍ദിച്ചിരുന്നു.
ശിശുക്ഷേമ സമിതി പ്രതിഷേധിച്ചു
തൊടുപുഴ: തൊടുപുഴയ്ക്കടുത്ത് ഏഴു വയസുകാരനോട് മാതാവിന്റെ കാമുകന്‍ കാണിച്ച കൊടുംക്രൂരതയില്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
കേരള സര്‍ക്കാരും സി.ഡബ്ല്യൂ.സിയും പൊലിസും ശിശുസംരക്ഷണ വകുപ്പും സാധ്യമായ എല്ലാ ഇടപെടലും നടത്തിവരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി അരുണ്‍ ആനന്ദിന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും നിസാര കാര്യങ്ങളില്‍പ്പോലും അതിക്രൂരമായ പ്രതികാരത്തിന് തുനിയുന്ന വര്‍ത്തമാനകാല യുവാക്കളുടെ മാനസികാവസ്ഥ മന:ശാസ്ത്ര വിശകലനത്തിന് വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കുട്ടികളുടെ അവധിക്കാല പരിശീലനങ്ങള്‍, ഫിലിംക്യാംപുകള്‍ എന്നിവ വിജയിപ്പിക്കുന്നതിനും വരുംവര്‍ഷ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളെ പഠനപരിപാടികളില്‍ സഹായിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു. പൈനാവ് സമിതി ഓഫിസില്‍ എ.ഡി.സി ജനറല്‍ റിച്ചുമോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി കെ.ആര്‍ ജനാര്‍ദ്ദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തണല്‍ കോര്‍ഡിനേറ്റര്‍ എം.ആര്‍ രഞ്ജിത്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കെ.ആര്‍ രാമചന്ദ്രന്‍, പി.കെ രാജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."