എം.എല്‍.എയുടെ സഹോദരിയുടെ സൊസൈറ്റിക്ക് വനംവകുപ്പ് ക്രമംവിട്ട് പണം അനുവദിച്ചെന്ന് ആരോപണം
കട്ടപ്പന: ഇ.എസ്. ബിജിമോള്‍ എംഎല്‍എയുടെ സഹോദരി പ്രസിഡന്റായ ചാരിറ്റബിള്‍ സൊസൈറ്റിക്ക് വനംവകുപ്പിന്റെ കീഴിലുള്ള പെരിയാര്‍ കടുവ സംരക്ഷണ ഫൗണ്ടേഷന്‍ 15 ലക്ഷം രൂപ വഴിവിട്ട് അനുവദിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
സ്മാര്‍ട്ട് പീരുമേട് ഇന്റഗ്രേറ്റഡ് ആന്‍ഡ് കോംപ്രിഹെന്‍സീവ് എഡ്യുക്കേഷന്‍ സൊസൈറ്റി (സ്‌പൈസസ്) എന്ന പേരിലുള്ള സംഘടനയ്ക്കാണ് 15,64,000 രൂപ അനുവദിച്ചത്. ബിജിമോളുടെ മണ്ഡലമായ പീരുമേട്ടിലെ പട്ടികജാതി പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്കും സാമ്പത്തികമായി പിന്നോക്കമായവര്‍ക്കും പിഎസ്‌സി പരീക്ഷാ പരിശീലനം നല്‍കാനെന്ന പേരില്‍ സൊസൈറ്റി സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച് ആവശ്യപ്പെട്ട മുഴുവന്‍ തുകയും അനുവദിക്കുകയായിരുന്നു. 1955-ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ചെയ്ത് മൂന്നുവര്‍ഷമെങ്കിലും പ്രവര്‍ത്തനപരിചയമുള്ള സംഘടനകള്‍ക്കാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ധനസഹായം നല്‍കുന്നത്. ഇതിന് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഓഡിറ്റുചെയ്ത വരവ് ചെലവ് കണക്കും പരിശോധിക്കണം. സ്‌പൈസസ് സൊസൈറ്റിയുടെ കാര്യത്തില്‍ ഇതൊന്നും ഉണ്ടായില്ല.
2018 ജനുവരി എട്ടിന് ഏഴുപേരുകൂടി രൂപീകരിച്ച സൊസൈറ്റിക്ക് ഫെബ്രുവരി എട്ടിന് തേക്കടിയില്‍ചേര്‍ന്ന കടുവസംരക്ഷണ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി തുക അനുവദിക്കുകയായിരുന്നു. അതിനുശേഷം മാര്‍ച്ച് 14-നാണ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രോജക്ട് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടറും കടുവ സംരക്ഷണ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ജോര്‍ജി പി. മാത്തച്ചന്‍, കടുവ സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറും ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ ശില്‍പ വി. കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കമ്മിറ്റിയാണ് തുക അനുവദിച്ചതെന്നും ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷാജി പൈനാടത്ത്, പി.ആര്‍ അയ്യപ്പന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ആന്റണി കുഴിക്കാട്ട്, ആര്‍. ഗണേശന്‍ എന്നിവര്‍ ആരോപിച്ചു.
എന്നാല്‍ വനംമന്ത്രി ചെയര്‍മാനായ കടുവ സംരക്ഷണ ഫൗണ്ടേഷന്‍ ഗവേണിംഗ് ബോഡിയുടെ നിര്‍ദേശപ്രകാരമാണ് തുക അനുവദിച്ചതെന്നും എക്‌സിക്യൂട്ടിവ് കമ്മിറ്റി കൂടി പദ്ധതി അംഗീകരിച്ച് ഗവേണിംഗ് ബോഡിക്ക് സമര്‍പ്പിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നും കടുവ സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറും ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ ശില്‍പ വി. കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."