യുദ്ധമുണ്ടായാല്‍ ഇന്ത്യ 1962ലേതിനെക്കാള്‍ നാണംകെടുമെന്ന് ചൈന
ബെയ്ജിങ്: ഇനിയുമൊരു യുദ്ധമുണ്ടായാല്‍ 1962ലേക്കാള്‍ ഇന്ത്യ നാണംകെടുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. അനിവാര്യഘട്ടത്തില്‍ തിരിച്ചടിക്കാന്‍ മോദി സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയെന്ന വാര്‍ത്തയ്ക്കുള്ള മറുപടിയായാണ് വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് വിശദമാക്കാറുള്ള പത്രം ഇങ്ങനെ പറഞ്ഞത്.
മോദി ദേശീയവാദികളെയും തീവ്രവാദികളെയും തൃപ്തിപ്പെടുത്താനാണ് പ്രസ്താവനകള്‍ നടത്തുന്നത്. എന്നാല്‍ ചൈനയുമായി വീണ്ടുമൊരു യുദ്ധത്തിന് തന്റെ രാജ്യത്തിന് കെല്‍പില്ലെന്ന് അദ്ദേഹത്തിനറിയാം. അതിനാലാണ് സമാധാനമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയില്‍ ദേശീയതാ വികാരത്തിന് ചൂടുപിടിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് ചൈനക്കെതിരേ പ്രകോപനത്തിന് ശ്രമിക്കാന്‍ കാരണമാകുമോ എന്നതോര്‍ത്ത് നാം ആശങ്കപ്പെടേണ്ടതില്ല. പാകിസ്താനോടോ മറ്റു അയല്‍ക്കാരോടോ സംഘര്‍ഷമുണ്ടാകുമ്പോള്‍ ദേശീയതയാണ് നടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുക.
എന്നാല്‍ ചൈനയോടാണെങ്കില്‍ കഥ മാറും- പത്രം മുന്നറിയിപ്പു നല്‍കുന്നു.
ഇന്ത്യന്‍ ഭരണകൂടത്തിനും സൈനികമേധാവികള്‍ക്കും ചൈന എത്രത്തോളം ശക്തിയുള്ളതാണെന്ന് അറിയാം. എന്നാല്‍ അവിടുത്തെ ദേശീയതാവാദികള്‍ വിവരമില്ലാത്തവരും അഹങ്കാരികളുമാണ്. ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ശ്രദ്ധിക്കുന്നതാണ് ഇന്ത്യക്ക് നല്ലതെന്നും പത്രം ഉപദേശിക്കുന്നു.
ചൈനീസ് ഉല്‍പന്ന ബഹിഷ്‌കരണം ആത്മഹത്യാപരം
ബെയ്ജിങ്: ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ഇന്ത്യയിലെ പ്രചാരണത്തിനെതിരേ ചൈന. അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷം ഇന്ത്യ വ്യാപാര തടസങ്ങള്‍ സൃഷ്ടിക്കുന്നതും ബഹിഷ്‌കരണവും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ആത്മഹത്യയിലേക്ക് നയിക്കുമെന്നാണ് ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് പറയുന്നത്.
കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ ഇന്ത്യ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുകയാണ്. ഇനിയുമൊരു ലോക്ക്ഡൗണിനെ താങ്ങാനുള്ള കരുത്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കില്ല എന്നാണിത് കാണിക്കുന്നത്. അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷമുണ്ടാക്കുന്നത് കൊവിഡില്‍ നിന്ന് ശ്രദ്ധ തിരിക്കാനാവാം. ഏതായാലും ചൈനയുമായി ഉടക്കുന്നത് സ്വയം തകരുന്നതിനിടയാക്കും.
ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് പല ഇന്ത്യന്‍ കമ്പനികളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ചൈനയുടെ കയറ്റുമതിയുടെ രണ്ടു ശതമാനമേ ഇന്ത്യയിലേക്കുള്ളൂവെന്നും പത്രം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."