തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വകുപ്പ് മേധാവികള്‍ ജാഗ്രത പുലര്‍ത്തണം: എം.എല്‍.എ
മൂവാറ്റുപുഴ: താലൂക്ക് വികസന സമിതി യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പ് മേധവികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ഇന്നലെ നടന്ന മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന സമിതി യോഗത്തില്‍ ഉന്നയിക്കുന്ന പരാതികളില്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്നവ ആദ്യം പരിഹരിക്കണമെന്നും, ജനപ്രതിനിധികള്‍ക്ക് വീണ്ടും ഈ വിഷയങ്ങള്‍ യോഗത്തില്‍ ഉന്നയിക്കുന്നതിനുള്ള അവസരത്തിന് ഇടയാക്കരുതെന്നും എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയെ ജീവനക്കാര്‍ തകര്‍ക്കരുതെന്നും, സാധാരണക്കാര്‍ക്ക് ആശ്രയമായ ആശുപത്രിയില്‍ ജീവനക്കാര്‍ ആത്മാര്‍ത്ഥമായി ജോലി നോക്കിയാല്‍ മികച്ച ആശുപത്രിയായി താലൂക്ക് ആശുപത്രി മാറുമെന്നും, പണ്ടപ്പിള്ളി ആശുപത്രി ഇതിന് ഉദാഹരണമാണന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍ പറഞ്ഞു.
മാറാടി ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മാറാടിപെരുവംമൂഴി ബൈപാസ് റോഡ് ഒന്നാംഘട്ടത്തില്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കിയവര്‍ക്ക് രണ്ടാംഘട്ട വികസന പ്രവര്‍ത്തനത്തിന് അനുവദിച്ച രീതിയില്‍ ചുറ്റുമതിലും, സംരക്ഷണ ഭിത്തിയും നിര്‍മിച്ച് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി ഏലിയാസ് ആവശ്യപ്പെട്ടു.
റാക്കാട് വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഒരാള്‍ മരിക്കാനുണ്ടായ സാഹചര്യം കെ.എസ്.ഇ.ബി.യുടെ അനാസ്ഥയാണന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഒ.സി.ഏലിയാസ് യോഗത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വോഷണം നടക്കുകയാണന്നും, അന്വോഷണം പൂര്‍ത്തിയാകുന്നമുറയ്ക്ക് നടപടി ഉണ്ടാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ യോഗത്തെ അറിയിച്ചു.
എ.ബി.സി കേബിള്‍ പദ്ധതി നടപ്പിലാക്കിയിട്ടും മൂവാറ്റുപുഴ ടൗണില്‍ വൈദ്യുതി മുടക്കത്തിന് പരിഹാരം കാണാന്‍ കഴിയത്തതിനെതിരെ വികസനസമിതി അംഗം പി.എം ഏലിയാസ് യോഗത്തില്‍ ഉന്നയിച്ചു. ടൗണിലെ വൈദ്യുതി മുടക്കത്തിന് പരിഹാരം കാണമമെന്നും ഏലിയാസ് ആവശ്യപ്പെട്ടു. ജിവനക്കാരുടെ കുറവ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനെ ബാധിക്കുന്നുണ്ടന്നും, കൂടുതല്‍ ജീവനക്കാര്‍ക്കായി സര്‍ക്കാരിനെ സമീപിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മൂവാറ്റുപുഴ നഗരത്തിലെ കുഴികള്‍ രൂപപ്പെടുന്നത് അപകടങ്ങള്‍ക്കും ഗതാഗത കുരുക്കിനും കാരണമാകുകയാണന്നും, മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പനി ക്ലിനിക്കും, ഡയാലിസിസ് യൂണിറ്റും ആരംഭിക്കണമെന്നും പൗരസമിതി പ്രസിസിഡന്റ് മുസ്ഥഫ കൊല്ലം കുടി യോഗത്തില്‍ ആവസ്യപ്പെട്ടു. മഴ അറ്റകുറ്റപ്പണികളെ ബാധിക്കുകയാണന്നും, നെഹ്രുപാര്‍ക്കിലും, വെള്ളൂര്‍കുന്നത്തും റോഡില്‍ ടൈല്‍ വിരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും എല്‍ദോ എബ്രഹാം എം.എല്‍.എ യോഗത്തില്‍ അറിയിച്ചു.
പനി ക്ലിനിക്ക് ആരംഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്നും, ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും എം.എല്‍.എ അറിയിച്ചു. യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ആര്‍.ഡി.ഒ. എം.റ്റി.അനില്‍കുമാര്‍, തഹസീല്‍ദാര്‍ പി.എസ്.മധുസൂധനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി.ഏലിയാസ്, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."