പൊലിസ് സ്റ്റേഷനില്‍ ലൈംഗികാധിക്ഷേപം; വെട്ടിലായി യു.പി പൊലിസ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ പൊലിസിനെതിരേ വീണ്ടും പരാതി. പൊലിസ് സ്റ്റേഷനില്‍ പരാതി ബോധിപ്പിക്കാനെത്തിയ സ്ത്രീക്കു മുന്പില് ലൈംഗികത പ്രദര്‍ശിപ്പിക്കുന്ന പൊലിസുകാരന്റെ വിഡിയോ പുറത്തായതോടെ, യു.പി പൊലിസ് വെട്ടിലായിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പ്രതിയായ പൊലിസുകാരനെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഇയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡി.ജി.പി 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ദിയോരിയയിലെ ഭത്നി പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സ്റ്റേഷനില്‍ പരാതിയുമായെത്തിയ യുവതിക്കു മുന്പില് പൊലിസുകാരന് സ്വയംഭോഗം ചെയ്യുന്ന ദൃശ്യമാണ് വൈറലായത്. നേരത്തെയും രണ്ടുതവണ രക്ഷിതാക്കള്‍ക്കൊപ്പം പരാതിയുമായെത്തിയിരുന്നെന്നാണ് യുവതി വ്യക്തമാക്കുന്നത്. പരാതി സ്വീകരിച്ചില്ലെന്നു മാത്രമല്ല, അന്നും ലൈംഗികത പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നായിരുന്നു മൂന്നാം തവണ വീണ്ടും പരാതിയുമായെത്തിയ യുവതി ഇയാളുടെ ചെയ്തികള്‍ വിഡിയോയില്‍ ചിത്രീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് ബിഷംപാല് സിങ് എന്ന പൊലിസുദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ഉത്തര്‍പ്രദേശ് പൊലിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."