പൊള്ളാച്ചിയില്‍ ഇത്തവണ ഉദയസൂര്യനുദിക്കും: എ.ഐ.എ.ഡി.എം.കെക്ക് അഗ്‌നിപരീക്ഷ
വി.എം ഷണ്‍മുഖദാസ്
പൊള്ളാച്ചി: തമിഴ്‌നാട്ടിലെ പ്രധാന കാര്‍ഷികമേഖലയായ പൊള്ളാച്ചി ലോക്‌സഭാ മണ്ഡലം എ.ഐ.എ.ഡി.എം.കെയുടെ കുത്തകമണ്ഡലമാണ്. 1951 മുതല്‍ നടന്ന 16 ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ എ.ഐ.എ.ഡി.എം.കെ ഏഴുതവണ വിജയിച്ചു. കോണ്‍ഗ്രസും, ഡി.എം.കെയും മൂന്ന് തവണയും, എം.ഡി.എം.കെ രണ്ടുതവണയും, തമിഴ്്മാനില കോണ്‍ഗ്രസ്ഒരുതവണയും വിജയിച്ച പൊള്ളാച്ചി ഇത്തവണ ചരിത്രം തിരുത്താനൊരുങ്ങുകയാണ്.
ജല്ലിക്കെട്ട്്് നവമാധൃമങ്ങള്‍ എറ്റെടുത്ത്് ദേശീയതലത്തില്‍ വിവാദമാക്കിയതുപോലെ പൊള്ളാച്ചിയിലെ പീഡനവിവാദവും യുവജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായി.നൂറ്റാണ്ടുകള്‍ പഴക്കമുള്ള കന്നുകാലി ചന്ത സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റിയതും ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പീഡന വിവാദത്തില്‍ സ്ഥലം എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ പൊള്ളാച്ചി ജയരാമിന്റെ മകനടക്കം പങ്കാളിയാണെന്ന പ്രതിപക്ഷ കക്ഷികളുടെ പ്രചാരണം നവമാധ്യമങ്ങളില്‍ വലിയ വിവാദമാകുകയും ചെയ്തതോടെ പെണ്‍കുട്ടികളും,അമ്മമാരും കോളജ് വിദ്യാര്‍ഥികളും തെരുവിലിറങ്ങി ദിവസങ്ങളോളം റോഡ് ഉപരോധം, പ്രകടനം എന്നിവ നടത്തി. ഒരു ദിവസം ഹര്‍ത്താലും നടത്തി. ഇരുനൂറോളം പെണ്‍കുട്ടികളെ പെണ്‍വാണിഭ മാഫിയ സംഘങ്ങള്‍ പ്രേമം നടിച്ചു പീഡിപ്പിക്കുകയും, പിന്നീട് അവരുടെ നീലച്ചിത്രങ്ങള്‍ ഉള്‍പ്പെടെയെടുത്ത് യുട്യൂബിലും മറ്റും പ്രചരിപ്പിച്ചു പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തതായി സി.ബി.സി.ഐ.ഡി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ പൊള്ളാച്ചിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയതായി ജനങ്ങള്‍ ഒന്നടങ്കം പറയുന്നു. ഈ വിഷയമാണ് പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണമാക്കുന്നതും.
തമിഴ്‌നാട്ടില്‍ ദ്രാവിഡകക്ഷികള്‍ 1967 ല്‍ നടത്തിയ ഹിന്ദി വിരുദ്ധ പോരാട്ടത്തില്‍ പൊള്ളാച്ചിയില്‍ നിന്നും പങ്കെടുത്ത 500 ഓളം പേര്‍ ജീവന്‍ ബലിയര്‍പ്പിച്ചു. വീരം വിളഞ്ഞ ഭൂമിയെന്നറിയപെടുന്ന പൊള്ളാച്ചിയിലെ ജനങ്ങളുടെ വികാരത്തിന് മങ്ങലേല്‍പ്പിച്ച എ.ഐ.എ.ഡി.എം.കെയുടെ ഭരണം നാടിന് നാണക്കേടായി മാറിയതായി 70 കാരിയായ കണ്ണമ്മാള്‍ പറയുന്നു. ഇതുപോലെ എല്ലാ തുറയിലുമുള്ള ജനവിഭാഗങ്ങള്‍ സ്ത്രീപീഡന വിവാദത്തിനെതിരെ പ്രതിഷേധത്തിലാണ്. അതുകൊണ്ടു തന്നെ ഇത്തവണ കാറ്റ് ഡി.എം.കെക്കു അനുകൂലമാവാനാണ് സാധ്യത. ഇതിനു പുറമെ നിലവിലുള്ള സി. മഹേന്ദ്രന്‍ എം.പി പീഡനവിവാദത്തില്‍ മൗനം പാലിച്ചതും വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിനു വഴിവെച്ചിട്ടുണ്ട്.
എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാര്‍ത്ഥിയായി നിലവിലുള്ള എം.പി കൂടിയായ സി. മഹേന്ദ്രന്‍ വീണ്ടും മത്സരിക്കുമ്പോള്‍, എന്‍ജിനീയരായ കെ. ഷണ്മുഖ സുന്ദരം ഡി.എം.കെയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ടി.ടി.വി ദിനകാരന്റെ എ.എം.എം.കെ സ്ഥാര്‍ഥിയായി മുത്തുകുമാറും, കമലഹാസന്റെ മക്കള്‍നീതി മയം സ്ഥാനാര്‍ഥിയായി മൂകാംബികാ രത്‌നവും മത്സരിക്കുന്നുണ്ട്. എ..ഐ..എ..ഡി..എം.കെ ,ഡി.എം.കെ സ്ഥാനാര്‍ഥികള്‍ തമ്മിലാണ് പ്രധാന മല്‍സരം. ഇത്തവണ എം.കെ. സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന മതേതര പുരോഗമന മുന്നണിയുടെ കീഴില്‍ എം.ഡി.എം.കെ ,സി.പി.എം, സി.പി.ഐ കക്ഷികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നത് ഡി.എം.കെയുടെ വിജയം ഉറപ്പാക്കാന്‍ സഹായകമാകും.
പൊള്ളാച്ചി, വാല്‍പ്പാറ, കിണത്തുക്കടവ്, തൊണ്ടാമുത്തൂര്‍ ഉദുമല്‍പേട്ട, മടത്തുകുളം എന്നീ അസംബ്ലി നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പൊള്ളാച്ചി ലോക്‌സഭാമണ്ഡലം. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ മടത്തുകുളം ഒഴിച്ച് ബാക്കിയെല്ലാ നിയോജകമണ്ഡലങ്ങളിലും വിജയിച്ചത് എ.ഐ.എ.ഡി.എം.കെ യാണ് ഒരു സീറ്റില്‍ മാത്രമാണ് ഡി.എം.കെ ജയിച്ചിട്ടുള്ളത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 13,427,32 വോട്ടര്‍മാരാണുണ്ടായിരുന്നത്.ഇത്തവണ 1,57,833 വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടുണ്ട്. കൂടുതലും യുവവോട്ടര്‍മാരാണ്. ഇവരായിരിക്കും ഇത്തവണ പൊള്ളാച്ചിയിലെ ജനപ്രതിനിധിയെ തീരുമാനിക്കുക. നിലവിലെ എം.പി, മഹേന്ദ്രന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്യമായ വികസനമൊന്നും നടത്തിയിട്ടില്ലെന്ന പരാതിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."