എഫ്-16 വീഴ്ത്തിയതിന് വ്യക്തമായ തെളിവുണ്ടെന്ന് വ്യോമസേന
ന്യൂഡല്‍ഹി: പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവച്ച് വീഴ്ത്തിയിട്ടില്ലെന്ന അമേരിക്കന്‍ മാസിക ഉള്‍പ്പെടെയുള്ളവയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി വ്യോമസേന രംഗത്ത്. തെളിവായി ഇന്നലെ രണ്ട് റഡാര്‍ ദൃശ്യങ്ങളും വ്യോമസേന പുറത്തുവിട്ടു.
വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാന്‍ പാക് വിമാനം വെടിവച്ചിട്ടതിന്റെ റഡാര്‍ ചിത്രങ്ങളാണ് ഇന്നലെ വ്യോമസേന പുറത്തുവിട്ടത്. കഴിഞ്ഞ ഫെബ്രുവരി 27ന് ജമ്മുകശ്മിരിലെ അതിര്‍ത്തിയില്‍ നൗഷേര സെക്ടറിലാണ് അഭിനന്ദന്‍ പാക് യുദ്ധവിമാനം എഫ്-16 വെടിവച്ചിട്ടത്.
പാക് വിമാനം വെടിവച്ചിട്ടതിന്റെ വ്യക്തമായ തെളിവ് റഡാര്‍ വഴി ലഭിച്ചതായി ഇന്നലെ മാധ്യമങ്ങളെ കണ്ട എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 ഉപയോഗിച്ചാണ് എഫ്-16നെ വീഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ രണ്ട് റഡാര്‍ ദൃശ്യങ്ങളാണ് അദ്ദേഹം തെളിവായി ഹാജരാക്കിയത്. പാകിസ്താന്റെയും ഇന്ത്യയുടെയും രണ്ട് വിമാനങ്ങള്‍ തകര്‍ന്നതായ കാര്യത്തില്‍ ഒരുതരത്തിലുള്ള സംശയവും ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാക് അധീന കശ്മിരിലാണ് എഫ്-16 വിമാനം വീണതെന്നും റഡാര്‍ ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്. ഇന്ത്യന്‍ സൈനിക പോസ്റ്റിനടുത്തുള്ള ഝാന്‍ഗര്‍ സെക്ടറില്‍ രണ്ട് വ്യത്യസ്ത ഇടങ്ങളിലായി രണ്ട് പാരച്യൂട്ടുകള്‍ ഇറങ്ങിയതായും റഡാര്‍ ദൃശ്യത്തിലുണ്ട്. ഇതില്‍ ആദ്യത്തേത് സബ്‌സ്‌കോട്ട് മേഖലക്ക് പടിഞ്ഞാറായാണ് ഇറങ്ങിയത്. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം താന്‍ദാര്‍ മേഖലയിലെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായാണ് ഇറങ്ങിയത്. ഈ രണ്ട് മേഖലകളും തമ്മില്‍ 10 കി.മീറ്ററോളം അകലമുണ്ട്.
പാക് വിമാനം വെടിവച്ചിട്ടതിന്റെ കൂടുതല്‍ വിശ്വാസ യോഗ്യമായ തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. പാകിസ്താന് എഫ്-16 വിമാനം നഷ്ടമായെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള സംശയവും ഉണ്ടാകേണ്ടതില്ലെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ പറഞ്ഞു.
സുരക്ഷാ കാര്യം മുന്‍നിര്‍ത്തയും വിശ്വാസയോഗ്യമായ തെളിവ് ലഭിക്കുന്നതിനായാണ് ഇതുവരെ പാക് വിമാനം വീഴ്ത്തിയതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്താതിരുന്നത്. എഫ്-16 വിമാനം ഇന്ത്യന്‍ വ്യോമസേന വീഴ്ത്തിയെന്നത് നേരത്തെ പാകിസ്താന്‍ നിഷേധിച്ചിരുന്നു. എന്നാല്‍ പാക് വ്യോമസേനാ വിമാനത്തിനെതിരേ നാല് മിസൈലുകള്‍ തൊടുത്തു വിട്ടതായി റഡാര്‍ ദൃശ്യം വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് അമേരിക്കന്‍ മാസികയില്‍ യു.എസ് പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് എഫ്-16 വിമാനം ഇന്ത്യ വീഴ്ത്തിയിട്ടില്ലെന്ന വാര്‍ത്ത വന്നത്. എല്ലാ വിമാനങ്ങളും സുരക്ഷിതമായി പാക് വ്യോമസേനാ കേന്ദ്രത്തിലുണ്ടെന്നാണ് മാസിക പറയുന്നത്. പാക്ക് അധിനിവേശ കശ്മിരിലെ നൗഷേര മേഖലയില്‍ എഫ് -16നെ വീഴ്ത്തിയതെന്ന് വ്യേമസേന നേരത്തെ അറിയിച്ചിരുന്നു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക്ക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക്തമായിരുന്നു. വിമാനങ്ങളില്‍ നിന്നുള്ള ഇതുസംബന്ധിച്ച ഇലക്ട്രോണിക് സിഗ്‌നേച്ചറുകളിലും പാക്കിസ്ഥാന്റേത് എഫ്-16 ആണെന്ന സൂചനയുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ വ്യോമസേന പുറത്തുവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."