കോര്‍പ്പറേഷന്‍ കൗണ്‍സില്‍: അക്ഷരശ്രീ ചര്‍ച്ചയില്‍ പങ്കെടുക്കാതെ ബി.ജെ.പി വാക്കൗട്ട്
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അക്ഷരശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാതെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വാക്കൗട്ട് നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് ബി.ജെ.പി നഷ്ടമാക്കിയത്.
അക്ഷരശ്രീ പദ്ധതിയ്ക്കായി മാത്രം ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ ഒന്നര മണിക്കൂറോളം ചര്‍ച്ച നടന്നു. ചര്‍ച്ച പുരോഗമിക്കെ അഴിമതിയാരോപണം ഉന്നയിച്ചാണ് പ്രധാന പ്രതിപക്ഷമായ ബി.ജെ.പി അംഗങ്ങള്‍ രംഗത്തു വന്നത്. വാക്കൗട്ട് നടത്തിയ ബി.ജെ.പി അംഗങ്ങള്‍ പിന്നീട് കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഈ സമയം കൗണ്‍സില്‍ ഹാളില്‍ യു.ഡി.എഫും എല്‍.ഡി.എഫും ചര്‍ച്ച തുടര്‍ന്നു. പദ്ധതിക്ക് പിന്‍തുണ അറിയിച്ച് യു.ഡി.എഫും ഇവര്‍ ചൂണ്ടികാണിച്ച ചെറിയ തെറ്റ് കുറ്റങ്ങള്‍ പരിശോധിക്കാമെന്ന് മേയറും ഉറപ്പ് നല്‍കിയതോടെ ഇരുകൂട്ടരും യോഗ നടപടികള്‍ അവസാനിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ കൗണ്‍സില്‍ ആരംഭിച്ച ഉടനെയാണ് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗിരികുമാര്‍ അക്ഷരശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ഉപാക്ഷേപം അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് 14ന് നടക്കുന്ന സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം വീടുകളില്‍ നിന്ന് നല്‍കണമെന്ന നിര്‍ദേശം പരിശോധിക്കണമെന്നും പദ്ധതിയിലെ അഴിമതി സംബന്ധിച്ച് മറ്റു ഔദ്യോഗിക കാര്യങ്ങള്‍ എടുക്കുന്നത് മുന്‍പ് ചര്‍ച്ച നടത്തണമെന്ന് ഗിരികുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അജണ്ടയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അപ്പോള്‍ ചര്‍ച്ച നടത്താമെന്നും മേയര്‍ അറിയിച്ചു.
എന്നാല്‍ ഗിരികുമാര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു. ഇതോടെ മേയര്‍ ഔദ്യോഗിക അജണ്ടകളിലേക്ക് കടന്നു. ധനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി പാസാക്കിയ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ഡെപ്യൂട്ടി മേയറെ ക്ഷണിച്ചു. ഇതോടെ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഇത് കാര്യമാക്കാതെ മേയര്‍ യോഗ നടപടികള്‍ തുടര്‍ന്നതോടെ ബി.ജെ.പി ആദ്യം മേയറുടെ ചേംബറിന് മുന്നിലും പിന്നാലെ യോഗത്തില്‍ നിന്നും മുദ്രാവാക്യം വിളികളോടെ ഇറങ്ങി പോയി കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.
പദ്ധതിയെ അനുകൂലിക്കുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സംസാരിച്ചത്. കൗണ്‍സിലര്‍മാരായ പാളയം രാജന്‍, ഡി. അനില്‍കുമാര്‍, ജോണ്‍സന്‍ ജോസഫ്, വെട്ടുകാട് സോളമന്‍, ആര്‍.പി ശിവജി, ഐഷാബേക്കര്‍, ബീമാപള്ളി റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."