സഭയില്‍ നാക്കുപിഴയുടെ ദിനം 'രാജി'പ്രഖ്യാപിച്ച് മാണി
തിരുവനന്തപുരം: നിയമസഭയില്‍ നാക്കുപിഴയുടെ പരമ്പരയായിരുന്നു ഇന്നലെ. പിഴച്ചതാകട്ടെ മുഖ്യമന്ത്രിയുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്കും. കെ.എം മാണിക്കു നാക്കുപിഴച്ചപ്പോള്‍ അത് മാണിയുടെയും സഭയിലെ മറ്റു പാര്‍ട്ടി അംഗങ്ങളുടെയും'രാജി'യില്‍ വരെ എത്തി.
മന്ത്രി മണിയുടെ സ്ത്രീവിരുദ്ധ പ്രസംഗത്തെക്കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ യു.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പം മാണിയുടെ പാര്‍ട്ടിയും പ്രതിഷേധിച്ചിരുന്നു. യു.ഡി.എഫ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചെങ്കിലും മാണി അത്രയ്ക്കങ്ങ് പോയില്ല. ഇറങ്ങിപ്പോക്ക് നടത്താനായിരുന്നു തീരുമാനം.
ഇതു പ്രഖ്യാപിക്കാന്‍ നടത്തിയ പ്രസംഗത്തില്‍, താനും തന്റെ പാര്‍ട്ടിയും ഇറങ്ങിപ്പോകുന്നു എന്ന് പറയേണ്ടതിനു പകരം മാണി പറഞ്ഞത് താനും തന്റെ പാര്‍ട്ടിയും രാജിവയ്ക്കുന്നു എന്നാണ്. ഒരു സെക്കന്‍ഡ് അമ്പരന്ന സഭയില്‍ തൊട്ടുപിറകെ ചിരി പരന്നപ്പോള്‍ മാണിക്ക് അബദ്ധം പിടികിട്ടി. തെറ്റുതിരുത്തിയ മാണി, താനും തന്റെ പാര്‍ട്ടിയും രാജിവയ്ക്കുന്നില്ലെന്ന പ്രഖ്യാപനവും നടത്തി.
തിരുവഞ്ചൂരിനു മറുപടി പറയുന്നതിനിടയിലാണ് മുഖ്യമന്ത്രിക്ക് പിഴച്ചത്. ഭൂമി കൈയേറ്റത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയത് 'ചപ്പാത്തിച്ചോലയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്....' എന്നാണ്. പ്രതിപക്ഷം ചപ്പാത്തിച്ചോലയല്ല പാപ്പാത്തിച്ചോല എന്ന് വിളിച്ചുപറഞ്ഞു. തുടര്‍ന്ന് 'ആ ചപ്പാത്തി, ചപ്പാത്തി,ആ പാപ്പാത്തി,പാപ്പാത്തി തന്നെ'എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് പ്രസംഗം തുടര്‍ന്നത്.
തിരുവഞ്ചൂരും വാക്കില്‍ തടഞ്ഞുവീണു. അടിയന്തരപ്രമേയ നോട്ടിസ് വായിക്കുന്നതിനിടയില്‍ പെമ്പിളൈ ഒരുമൈയെക്കുറിച്ചു പറയുന്നിടത്താണ് തിരുവഞ്ചൂരിനു പിഴച്ചത്. മുഖ്യമന്ത്രി പറഞ്ഞ വാചകം താന്‍ വായിക്കാം എന്നുപറഞ്ഞ ശേഷം പെണ്‍മക്ക, പെണ്‍കള്‍ എന്നൊക്കെ തപ്പിത്തടഞ്ഞ് പലതവണ തെറ്റിച്ചാണ് തിരുവഞ്ചൂര്‍ പെമ്പിളൈ ഒരുമൈ എന്ന് ശരിയായി പറഞ്ഞത്. നാക്കുപിഴ സഭയില്‍ കൂട്ടച്ചിരി പരത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."