ഡെപ്പോസിറ്റായി നല്‍കിയ തുക തിരിച്ചു നല്‍കാതെ കബളിപ്പിച്ചെന്ന് ആരോപണം
തൃശൂര്‍: സഹകരണ സംഘത്തില്‍ ജോലി നല്‍കി ഡെപ്പോസിറ്റായി നല്‍കിയ തുക തിരിച്ചുനല്‍കാതെ കബളിപ്പിച്ചെന്ന ആരോപണവുമായി യുവതി. തൃക്കൂര്‍ സ്വദേശിനിയും ബി.കോം ബിരുദദാരിയുമായ സ്വപ്നയാണ് തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തട്ടിപ്പിന്റെ വിവരം അറിയിച്ചത്.
നാട്ടുകാരിയും തൃശൂര്‍ ജില്ലാ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോര്‍ഡംഗവുമായ സുമ ശ്യാംകുമാറിന്റെ നിര്‍ദേശപ്രകാരമാണ് അവരുടെ സൊസൈറ്റിയില്‍ 2015 നവംബറില്‍ ജോലിക്കെത്തുന്നത്. സെക്രട്ടറി തസ്തികയില്‍ ഒഴിവുണ്ടെന്ന് പറഞ്ഞ് താല്‍ക്കാലിക തസ്തികയിലാണ് ജോലിയില്‍ പ്രവേശിപ്പിച്ചത്.
ജോലിക്കായി ഒരു ലക്ഷം രൂപ ഡെപ്പോസിറ്റായും കൈപ്പറ്റിയിരുന്നു. എന്നാല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് മരത്താക്കര കാട്ടൂക്കാരന്‍ ഹൗസില്‍ ജോയ് കാട്ടൂക്കാരന്‍ ജീവനക്കാരോട് വളരെ അപമര്യാദയായാണ് പെരുമാറിയിരുന്നത്.
സെക്രട്ടറി തസ്തികയില്‍ സ്ഥിരപ്പെടുത്തണമെങ്കില്‍ അയാളുടെ ചാലക്കുടി ഫാം ഹൗസില്‍ വരണമെന്നും തന്റെ എല്ലാ കാര്യത്തിലും യോജിച്ച് പോകുന്ന ഒരാളെയാണ് ആവശ്യമെന്നും ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. വിവരം സുമ ശ്യാംകുമാറിനെ അറിയിച്ചപ്പോള്‍ ജോലിയില്‍ തുടര്‍ന്നാലേ ഡെപ്പോസിറ്റായി നല്‍കിയ തുക തിരികെ ലഭിക്കൂവെന്നാണ് പറഞ്ഞത്. തുടര്‍ന്നും ജോയ് കാട്ടുക്കാരന്‍ അശ്ലീലമായി പെരുമാറുന്നത് തുടര്‍ന്നപ്പോള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുചോദിച്ചതിന് മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്.
തുടര്‍ന്ന് ഒല്ലൂര്‍ പൊലിസില്‍ 1042832016 നമ്പറില്‍ കേസ് നല്‍കിയെങ്കിലും ഇതുവരെ പൊലിസ് എഫ്.ഐ.ആര്‍ പോലും നല്‍കിയിട്ടില്ലെന്ന് സ്വപ്ന പറഞ്ഞു. സമാന രീതിയില്‍ സരിത വിജയന്‍ എന്ന സ്ത്രീയും അയാള്‍ക്കെതിരേ ഒല്ലൂര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുള്ളതായും സ്വപ്ന പറഞ്ഞു.
അതേസമയം കേസില്‍നിന്ന് രക്ഷപ്പെടാനായി തന്റെ ഭര്‍ത്താവ് കൃഷ്ണകുമാറിന്റെ പേരില്‍ സുമ ശ്യാംകുമാര്‍ തൃശൂര്‍ ഇസ്റ്റ് പൊലിസില്‍ വ്യാജ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്നും സ്വപ്ന പറഞ്ഞു.
കയ്യില്‍നിന്ന് വാങ്ങിയ ഡെപ്പോസിറ്റ് തുക തിരിച്ചുതരികയും സൊസൈറ്റിയുടെ പേരില്‍ നടത്തുന്ന തട്ടിപ്പുകള്‍ക്ക് അറുതിവരുത്തുകയും ജോയ് കാട്ടുക്കാരനെതിരേ പൊലിസ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ ജോയ് കാട്ടുക്കാരന്റെ വീടിനു മുമ്പില്‍ സമരവുമായി മുന്നോട്ടുപോകുമെന്നും സ്വപ്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഭര്‍ത്താവ് കൃഷ്ണകുമാറും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."