തിരൂര്‍ ജില്ലാ ആശുപത്രിയ്ക്ക് പ്രത്യേക പരിഗണനയെന്ന് മന്ത്രിയുടെ ഉറപ്പ്
തിരൂര്‍: ജില്ലാ ആശുപത്രിക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ ഉറപ്പുനല്‍കിയതായി സി. മമ്മുട്ടി എം.എല്‍.എ അറിയിച്ചു. ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി അപ്ഗ്രേഡ് ചെയ്തത് നിലനിര്‍ത്തുമെന്നും പ്രത്യേക പരിഗണന നല്‍കുമെന്നും സി മമ്മുട്ടി എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് നല്കിയ മറുപടിയിലാണ് ഉറപ്പ് ലഭിച്ചത്.
സെപ്തംബറില്‍ ഒരു കമ്മിറ്റി വിളിച്ചുചേര്‍ത്ത് ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കും. ആശുപത്രിക്കാവശ്യമായ തസ്തിക സൃഷ്ടിക്കുമെന്നും കാത്ത് ലാബും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കടലോര മേഖലയിലെ പാവപ്പെട്ട ജനവിഭാഗങ്ങളെല്ലാം ആശ്രയിക്കുന്ന ആശുപത്രി എന്ന നിലക്ക് തിരൂര്‍ ജില്ലാ ആശുപത്രിക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക്, ജില്ലാ ആശുപത്രികളെ സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രികളാക്കി മാറ്റുമെന്ന പ്രഖ്യാപനം തിരൂര്‍ ജില്ലാ ആശുപത്രിക്കും ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരൂര്‍, പൊന്നാനി, തിരൂര്‍ താലൂക്കുകളിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയെ അതിനുസൃതമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഗൈനക്കോളജി വിഭാഗത്തിലെ ഒഴിവ് അടിയന്തരമായി നികത്തണമെന്നും ഏഴായിരത്തോളം കാന്‍സര്‍ രോഗികള്‍ ചികിത്സിക്കുന്ന ആശുപത്രിയാണ് തിരൂര്‍ ജില്ലാ ആശുപത്രിയെന്നും ജൂനിയര്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുമെന്ന കഴിഞ്ഞ ആരോഗ്യമന്ത്രിയുടെ വാഗ്ദാനത്തില്‍ നടപടിക്രമങ്ങള്‍ തുടരുകയാണെന്നും ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ സബ്മിഷനില്‍ ആവശ്യപ്പെട്ടിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."