വേനല്‍ മഴയിലും കാറ്റിലും മലയോര മേഖലയില്‍ വ്യാപക കൃഷിനാശം
മുക്കം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപക കൃഷിനാശം. വേനല്‍ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂര്‍ പുല്‍പറമ്പ് ഭാഗത്ത് രണ്ടായിരത്തോളം വാഴകള്‍ ഒടിഞ്ഞ് വീണു. റമദാന്‍ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത കര്‍ഷകരുടെ കുലച്ച് പാകമാവാറായ വാഴകളാണ് നശിച്ചവയില്‍ ഭൂരിഭാഗവും. ഇവിടെ മാത്രം 10 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ടെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. വാഴക്കുല വെട്ടി വില്‍ക്കുമ്പോള്‍ ശരാശരി 500 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഭൂരിഭാഗം കര്‍ഷകരും വായ്പ വാങ്ങിയും ലോണെടുത്തുമാണ് കൃഷി ഇറക്കിയിരുന്നത്. മിക്ക വാഴകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതും കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും സര്‍ക്കാറില്‍ നിന്ന് നഷ്ടപരിഹാര തുക ലഭിക്കാതിരുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. അബ്ദുല്ല പുല്‍പറമ്പില്‍, പറമ്പില്‍ സമദ്, അത്തിക്കോട്ടുമ്മല്‍ അബൂബക്കര്‍, പാമ്പാട്ടുമ്മല്‍ അബ്ദുല്ല, കുറുമ്പ്ര മഹ്മൂദ്, ബഷീര്‍, മുഹമ്മദ് മണിമുണ്ടയില്‍, റഷീദ് പറമ്പാടുമ്മല്‍, പെരുവാട്ടില്‍ ഷഫീഖ്, ബാബു പൊറ്റശ്ശേരി, റഷീദ് ബംഗ്ലാവില്‍, കുഞ്ഞാമു അമ്പലത്തിങ്ങല്‍, കുട്ടന്‍ തുടങ്ങിയവരുടെ വാഴകൃഷിയാണ് പുല്‍പറമ്പ് ഭാഗത്ത് കുടുതലായി നശിച്ചിട്ടുള്ളത്. കാരശ്ശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും നിരവധി പേരുടെ കൃഷി നശിച്ചിട്ടുണ്ട്. ഇതിന് പുറമെ വീട്, സാംസ്‌കാരിക നിലയം, ചായക്കട എന്നിവക്കും നഷ്ടമുണ്ടായിട്ടുണ്ട്. കാരശ്ശേരി സാംസ്‌കാരിക നിലയത്തിന്റെ ജനല്‍ ചില്ലകളും മാട്ടറ ജമീല ആലിക്കുട്ടിയുടെ വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും കാറ്റില്‍ നശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."