പ്രളയക്കെടുതി: പുനരധിവാസവും നഷ്ടപരിഹാര വിതരണവും വേഗത്തിലാക്കും
എടവണ്ണ :ഏറനാട് മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുടെ പുനരധിവാസവും നഷ്ടപരിഹാര വിതരണവും വേഗത്തിലാക്കാന്‍ പി.കെ. ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കുകയും കേടായ വീടുകള്‍ പുനരുദ്ധരിക്കുകയും ചെയ്യും. സെപ്റ്റംബര്‍ ആറിനകം നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ജില്ലാ അധികൃതര്‍ക്ക് നല്‍കാനും ധാരണയായി.
ബന്ധു വീട്ടുകളില്‍ അഭയം തേടിയവര്‍ക്കും നഷ്ടപരിഹാരം നല്‍കും. നിലവില്‍ വീടും, സ്ഥലവും നഷ്ടമായവര്‍ക്ക് ആറ് ലക്ഷം ഭൂമി വാങ്ങാനും, നാല് ലക്ഷം വീട് നിര്‍മിക്കാനും നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയുള്ളത്. ഇത് പ്രകാരം ഒരു ലക്ഷം രൂപയ്ക്ക് സ്ഥലം ലഭിച്ചാലും നാല് ലക്ഷം രൂപ മാത്രമേ വീട് നിര്‍മിക്കുന്നതിന് ലഭിക്കൂ. ഈ സാങ്കേതികത്വം മറികടന്ന് വീടും, സ്ഥലവും വാങ്ങുന്നതിന് ആകെ പത്ത് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കണമെന്ന് പി കെ .ബഷീര്‍ എം. എല്‍ .എ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ തലത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.
നഷ്ടം സംബന്ധിച്ച് വില്ലേജ് ഓഫിസര്‍ക്ക് വെള്ളക്കടലാസില്‍ അപേക്ഷ കൊടുത്താല്‍ തന്നെ നടപടിയുണ്ടാകുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ ഡോ .ജെ ഒ അരുണ്‍ യോഗത്തില്‍ അറിയിച്ചു.
ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് നഷ്ടപരിഹാരതുക എത്തുക. ഏറനാട്, നിലമ്പൂര്‍ തഹസില്‍ദാര്‍മാര്‍, ഐ .ടി .ഡി .പി ഓഫിസര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."