തന്നെയും കുടുംബത്തേയും ബി.ജെ.പി പീഡിപ്പിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി
ഫത്തേപൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ ബി.ജെ.പിക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജന. സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തന്നെ രാഷ്ട്രീയത്തില്‍നിന്ന് ഇല്ലാതാക്കാനാണ് മോദിയും അമിത് ഷായും അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
തന്നെയും തന്റെ കുടുംബത്തെയും പീഡിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം അവര്‍ ചെയ്തത് എന്താണെന്ന് പറയാന്‍ അവര്‍ക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ലെന്നും പ്രിയങ്ക ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് അവര്‍ തന്റെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ സംസാരത്തില്‍ 50 ശതമാനവും അവര്‍ ചെലവഴിക്കുന്നത് ഗാന്ധി കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുന്നതിനുവേണ്ടിയാണ്. മുന്‍പ്രധാനമന്ത്രിമാരായ നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയുമെല്ലാം അവര്‍ വിമര്‍ശിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നാല്‍ അവര്‍ ചെയ്ത നേട്ടങ്ങളുടെ പട്ടികയെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ക്കൊന്നും പറയാനില്ല.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും പണമില്ലെന്നുമാണ് മോദി പറയുന്നത്. എന്നാല്‍ ഇഷ്ടക്കാരായ ചില വ്യവസായികള്‍ക്കുള്ള കടബാധ്യത തീര്‍ക്കാന്‍ അവരുടെ വായ്പ എഴുതി തള്ളുകയാണ് ചെയ്തിരിക്കുന്നത്. പാവപ്പെട്ടവരുടെ പോക്കറ്റ് ചോര്‍ത്തിയാണ് മോദി, സമ്പന്നര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന(പി.എം.എഫ്.ബി.വൈ) പദ്ധതി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കുന്നതിനുവേണ്ടി മാത്രമാണ്.
ഇതിന്റെ ലക്ഷ്യം സാധാരണക്കാരായ ജനങ്ങളല്ലെന്ന കാര്യം എല്ലാവരും തിരിച്ചറിയണം. എന്നാല്‍ ഇക്കാര്യത്തില്‍ പച്ചക്കള്ളമാണ് മോദി പറയുന്നത്. ഇതുവരെ ഒരു നേതാവും ജനങ്ങള്‍ക്ക് മുന്‍പില്‍ ഇത്തരത്തില്‍ കള്ളം പറഞ്ഞിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."