കരിപ്പൂര്‍ വിമാന അപകടത്തിന് ഒരുമാസമാകുമ്പോഴും പുറത്തുവരാതെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടം നടന്നിട്ട് ഒരുമാസം ആകുമ്പോഴും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നില്ല. കഴിഞ്ഞ മാസം ഏഴിനാണ് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്കാണ് അന്വേഷണ ചുമതല.
അപകടത്തിന് കാരണം റണ്‍വേ അപാകതയല്ലെന്ന് നേരത്തെതന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ചെറിയ ഇനത്തില്‍പ്പെട്ട ബോയിങ് 737 വിമാനമാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്.
അന്താരാഷ്ട്രനിലവാരത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനമെന്ന ഖ്യാതി നേടിയ കരിപ്പൂര്‍ സുരക്ഷാക്രമീകരണത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ മുന്‍നിരയിലാണ്. അപകടത്തിന് കാരണം ലാന്‍ഡിങ്ങിലെ പിഴവാണെന്നാണ് വിലയിരുത്തല്‍. വൈമാനികരുടെ സംഘടനകള്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടതോടെ അഞ്ചുമാസത്തെ സമയമാണ് കേന്ദ്ര വ്യോമായാന മന്ത്രാലയം അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്നത്. വിമാനത്തിന്റെ കോക്പിറ്റ്, ബ്ലാക്ക് ബോക്‌സ് എന്നിവയില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിച്ചുവരികയാണ്.
ബി-737 വിമാനങ്ങള്‍ക്ക് അനുവദനീയമായ ലാന്‍ഡിങ് സ്പീഡ് മണിക്കൂറില്‍ 130 എയര്‍ നോട്ടിക്കല്‍ മൈലാണ്. എന്നാല്‍, അപകടത്തില്‍പ്പെട്ട വിമാനം 172 എയര്‍ നോട്ടിക്കല്‍ മൈല്‍ വേഗതയിലാണുണ്ടായിരുന്നത്. വലിയ വിമാനങ്ങള്‍ക്ക് പോലും മണിക്കൂറില്‍ 160 എയര്‍നോട്ടിക്കല്‍ മൈലാണ് അനുവദിക്കപ്പെട്ടത്. അപകടത്തില്‍പ്പെട്ട പത്തുപേര്‍ ഇപ്പോഴും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയിലാണുള്ളത്. അപകടത്തില്‍ 21 പേരാണ് മരിച്ചത്.
അപകടത്തില്‍പ്പെട്ട വിമാനം ഇതുവരെ മാറ്റിയിട്ടില്ല. വിമാനം രണ്ട് കഷ്ണമായി മുറിഞ്ഞിരിക്കുകയാണ്. റണ്‍വേയുടെ കിഴക്കുഭാഗത്തെ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം(ഐ.എല്‍.എസ്) തകര്‍ത്താണ് വിമാനം കൂപ്പുകുത്തിയത്. വിമാനത്തിന് കേന്ദ്ര സുരക്ഷാ സേനയുടെ കാവലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."