പൂയംകുട്ടി പൊടിതട്ടിയെടുക്കാന്‍ വൈദ്യുതി ബോര്‍ഡ് വെള്ളപ്പൊക്ക നിയന്ത്രണത്തിന് പദ്ധതി അനിവാര്യമെന്ന് വിലയിരുത്തല്‍
തൊടുപുഴ: പെട്ടിമുടിയിലെ അതിതീവ്ര മഴ മുന്‍നിര്‍ത്തി പൂയംകുട്ടി വൈദ്യുതി പദ്ധതി പൊടിതട്ടിയെടുക്കാന്‍ വൈദ്യുതി ബോര്‍ഡ് നീക്കം തുടങ്ങി.
ഓഗസ്റ്റ് ഒന്നു മുതല്‍ 10 വരെ പെട്ടിമുടിയില്‍ പെയ്തത് 277.1 സെന്റിമീറ്റര്‍ മഴയാണ്. ദുരന്തദിനത്തില്‍ പെയ്തിറങ്ങിയതാകട്ടെ 61.6 സെന്റിമീറ്ററും. ഈ മേഖല അതിതീവ്ര മഴമേഖലയായാണ് കാലാവസ്ഥാ നിരീക്ഷകര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. പെട്ടിമുടി അതീവ പരിസ്ഥിതിലോല മേഖലയാണെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ഇവിടുത്തെ മഴവെള്ളം പൂയംകുട്ടി വഴി പെരിയാറ്റിലേക്കാണ് എത്തിച്ചേരുന്നത്. അതിനാല്‍തന്നെ പെരിയാറ്റിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് പൂയംകുട്ടി പദ്ധതി അനിവാര്യമാണെന്നാണ് വൈദ്യുതി ബോര്‍ഡ് സമര്‍ത്ഥിക്കുന്നത്. ബോര്‍ഡ് സിവില്‍ വിഭാഗം ഉന്നതോദ്യോഗസ്ഥന്‍ പെട്ടിമുടിയിലെ മഴക്കണക്ക് ശേഖരിച്ച് പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ച് പഠനം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്ലാനിങ് വിഭാഗത്തിന് സമര്‍പ്പിക്കും.
760 മെഗാവാട്ടിന്റെ പഴയ പദ്ധതി വെട്ടിക്കുറച്ച് 210 മെഗാവാട്ടിന്റെ പദ്ധതി നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമം. 2009 മെയ് 21ന് വൈദ്യുതി ബോര്‍ഡ് ഭരണാനുമതി നല്‍കിയ പദ്ധതിയാണിത്. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് കെ.എസ്.ഇ.ബി നേരത്തെ തയാറാക്കിയിട്ടുണ്ട്. പരിസ്ഥിതിപ്രവര്‍ത്തകരുടെയും ബഹുജനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഒരിക്കല്‍ ഉപേക്ഷിച്ച പദ്ധതിയുമാണിത്. 2,000 കോടി രൂപയെങ്കിലും പദ്ധതിക്ക് ചെലവ് വരും. 1,400 ഹെക്ടര്‍ വനഭൂമിയാണ് പദ്ധതിയില്‍ മുങ്ങിപ്പോകുക. ഈ ഭൂമിയില്‍ ജൈവസമ്പത്ത് കുറവാണെന്നും മുളങ്കാടുകളാണ് അധികവുമെന്നാണ് വൈദ്യുതി ബോര്‍ഡ് റിപ്പോര്‍ട്ട്. കേരളത്തിലെ വൈദ്യുതി ആവശ്യം പരിഗണിക്കുമ്പോള്‍ അതിരപ്പള്ളി, പൂയംകുട്ടി പദ്ധതികളുടെ പ്രാധാന്യം തള്ളിക്കളയാനാവില്ലെന്ന കസ്തൂരിരംഗന്‍ സമിതിയുടെ വിലയിരുത്തല്‍ വൈദ്യുതി ബോര്‍ഡിന് ഇപ്പോഴും പ്രേരണ നല്‍കുന്നു.
62 വര്‍ഷം മുന്‍പ്
ഉയര്‍ന്ന നിര്‍ദേശം
കേരളത്തിലെ ജലസമ്പത്തിനെക്കുറിച്ച് 1958ല്‍ വൈദ്യനാഥയ്യര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പൂയംകുട്ടി വൈദ്യുതി പദ്ധതി എന്ന നിര്‍ദേശം ഉയരുന്നത്. 1960ല്‍ ഇതിന്റെ സര്‍വേ നടന്നു. 1981ഓടെ ബോര്‍ഡ് റിപ്പോര്‍ട്ട് തയാറാക്കി. അഞ്ചു പദ്ധതികളായാണ് പൂയംകുട്ടി വിഭാവനം ചെയ്തത്. പൂയംകുട്ടി ഒന്നാംഘട്ടം, പൂയംകുട്ടി രണ്ടാംഘട്ടം, അപ്പര്‍ ഇടമലയാര്‍, ആനമലയാര്‍, മാങ്കുളം എന്നിങ്ങനെ. അഞ്ചു ഘട്ടങ്ങളായി 11 അണക്കെട്ടുകളും നാലു വൈദ്യുതി നിലയങ്ങളും സ്ഥാപിച്ച് 760 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനായിരുന്നു പദ്ധതി. ഒന്നാംഘട്ടത്തില്‍ പൂയംകുട്ടിയാറില്‍ 148 മീറ്റര്‍ ഉയരവും 2,800 മീറ്റര്‍ നീളവുമുള്ള കോണ്‍ക്രീറ്റ് ഡാം നിര്‍മിച്ച് 272 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തെ ഉപയോഗപ്പെടുത്തി 120 മെഗാവാട്ട് ഉല്‍പാദിപ്പിക്കാനായിരുന്നു ലക്ഷ്യം. രണ്ടാംഘട്ടത്തില്‍ ശേഷി 480 മെഗാവാട്ടായി വര്‍ധിപ്പിക്കും. മൂന്നാംഘട്ടത്തില്‍ 46 മീറ്റര്‍ ഉയരമുള്ള ആനമല, 56 മീറ്റര്‍ ഉയരമുള്ള മണലി, എന്നീ അണക്കെട്ടുകള്‍ നിര്‍മിച്ച് 50 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകള്‍ സ്ഥാപിക്കും. നാലാംഘട്ടത്തില്‍ 73 മീറ്റര്‍ ഉയരമുള്ള അപ്പര്‍ ഇടമലയാര്‍, 90 മീറ്റര്‍ ഉയരമുള്ള കടലാര്‍ എന്നീ ഡാമുകള്‍ നിര്‍മിച്ച് 45 മെഗാവാട്ടിന്റെ രണ്ടുജനറേറ്ററുകള്‍ സ്ഥാപിക്കലുമായിരുന്നു ലക്ഷ്യം. അഞ്ചാം ഘട്ടത്തില്‍ മാങ്കുളത്ത് അണക്കെട്ട് നിര്‍മിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനായിരുന്നു പദ്ധതി. പദ്ധതി പൂര്‍ണമായും നടപ്പാക്കിക്കഴിയുമ്പോള്‍ 3,003 ഹെക്ടറിലെ ജൈവവൈവിധ്യ വനസമ്പത്ത് മുങ്ങിപ്പോകുമെന്ന് കണ്ടെത്തിയിരുന്നു.
രാജീവ് ഗാന്ധി അനുമതി നിഷേധിച്ച പദ്ധതി
1981ല്‍ പൂയംകുട്ടിയുടെ ഒന്നാംഘട്ടത്തിന് കേന്ദ്രാനുമതി ചോദിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നിഷേധിച്ചു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നം പഠിക്കാന്‍ ഡോ. നാദ്കര്‍ണി കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാനത്തിനെതിരായിരുന്നു. വീണ്ടും പദ്ധതിയുമായി മുന്നോട്ടുപോകുംമുമ്പ് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തി. കെ.എഫ്.ആര്‍.ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 1994ല്‍ പദ്ധതിക്ക് അന്തിമമായി അനുമതി നിഷേധിച്ചു. വീണ്ടും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനം തീരുമാനിച്ചു. കോയമ്പത്തൂര്‍ സലീം അലി സെന്റര്‍ ഫോര്‍ ഓണത്തോളജിയെ പഠനത്തിനു ചുമതലപ്പെടുത്തി. പൂയംകുട്ടി വനമേഖല ബയോസ്ഫിയര്‍ റിസര്‍വായി പ്രഖ്യാപിക്കണമെന്നായിരുന്നു ഇവരുടെ നിര്‍ദേശം. പൂയംകുട്ടി വനവും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്നതായിരിക്കണം ഈ റിസര്‍വ്. ഇതോടെ പൂയംകുട്ടി പദ്ധതി ഉപേക്ഷിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."