എതിര് ഗോള്‍വല നിറച്ച് ഗോകുലം തുടങ്ങി
ലുധിയാന: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗിന്റെ ഉദ്ഘാടന ദിവസം എതിര് ഗോള്‍വല നിറച്ച് ഗോകുലം എഫ്.സി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ റൈസിങ് സ്റ്റുഡന്റ്സിന്റെ ഗോള്‍വല നിറച്ചാണ് കളി അവസാനിപ്പിച്ചത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം.
മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഗോകുലത്തിന്റെ ആധിപത്യമായിരുന്നു. മനീഷയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ഗോകുലം മികച്ച ജയം സ്വന്തമാക്കിയത്. മത്സരം തുടങ്ങി 12ാം മിനുട്ടില്‍ തന്നെ ഗോകുലം ലക്ഷ്യം കണ്ടു. ഇന്ത്യന്‍ താരം സഞ്ജു ആയിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍ നേടിയത്. അധികം വൈകാതെ മനീഷയുടെ വക രണ്ടാം ഗോളും പിറന്നു. അഞ്ജു തമാങിന്റെ മൂന്നാം ഗോള്‍ കൂടി ആയപ്പോള്‍ ഗോകുലം കേരള എഫ്.സി ആദ്യ പകുതിക്ക് മുമ്പ് തന്നെ മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തി.
രണ്ടാം പകുതിക്ക് ശേഷം 72ാം മിനുട്ടിലും 78ാം മിനുട്ടിലും വല കുലുക്കിയ മനീഷ ഹാട്രിക്ക് പൂര്‍ത്തിയാക്കി. മൂന്നു ഗോളുകളും ഒരു അസിസ്റ്റും നേടിയ മനീഷയാണ് കളിയിലെ താരം. നാളെ അളകാപുരക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."