21ലെ പ്രതിപക്ഷ യോഗത്തില്‍ നിന്ന് തൃണമൂലും എസ്.പിയും ബി.എസ്.പിയും വിട്ടുനിന്നേക്കും
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു തൊട്ടുമുന്‍പായി ചേരുന്ന പ്രതിപക്ഷയോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി എന്നിവര്‍ വിട്ടുനിന്നേക്കും. ഈ മാസം 19നാണ് അവസാനഘട്ട വോട്ടെടുപ്പ്. അതു കഴിഞ്ഞ് 23ന് ഫലവും പ്രഖ്യാപിക്കും. അതിനു മുന്‍പായി 21ന് തെരഞ്ഞെടുപ്പാനന്തര സഖ്യചര്‍ച്ചകള്‍ സംബന്ധിച്ച് ധാരണയിലെത്തുന്നതിനായി പ്രതിപക്ഷകക്ഷികള്‍ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. ഈ യോഗത്തില്‍ നിന്ന് പ്രധാന പ്രതിപക്ഷകക്ഷികള്‍ വിട്ടുനില്‍ക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡുവാണ് പ്രതിപക്ഷകക്ഷികളുടെ വിശാല കൂട്ടായ്മക്കു ചുക്കാന്‍ പിടിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ കൊല്‍ക്കത്തയിലെത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രികൂടിയായ മമതാ ബാനര്‍ജിയുമായും നായിഡു ചര്‍ച്ചനടത്തി.
തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിക്ക് തനിച്ചു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ കേന്ദ്രത്തില്‍ ബി.ജെ.പിയിതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒന്നിച്ചുനില്‍ക്കുക എന്ന സന്ദേശവുമായായിരുന്നു നായിഡുവിന്റെ കൂടിക്കാഴ്ച. എന്നാല്‍, മമതയുമായുള്ള ചര്‍ച്ചയില്‍ പ്രതികൂല പ്രതികരണമാണുണ്ടായതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ഫലം പ്രതിപക്ഷത്തിന് അനുകൂലമായാല്‍ പ്രധാനമന്ത്രി ആരായിരിക്കുമെന്നതു സംബന്ധിച്ച അഭിപ്രായ വ്യത്യാസമാണ് മമതയുടെ ഉടക്കിനു പിന്നിലെന്നാണ് സൂചന. പ്രതിപക്ഷത്തെ പ്രധാനനേതാക്കളായ മായാവതിക്കും മമതക്കും പ്രധാനമന്ത്രി കസേരയില്‍ കണ്ണുള്ളതിനാല്‍ പ്രതിപക്ഷനിരയില്‍ വിള്ളല്‍ വീഴ്ത്താതിരിക്കാനായി പ്രധാനമന്ത്രി ആരെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും മൗനം പാലിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."