വടക്കാഞ്ചേരിയില്‍ പട്ടയമേളയും പെന്‍ഷന്‍ അദാലത്തും നടത്തും
വടക്കാഞ്ചേരി: നഗരസഭയില്‍ പുറമ്പോക്കില്‍ വീട് വെച്ച് താമസിക്കുന്നവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് വേണ്ടി ഊര്‍ജിത നടപടികള്‍ കൈകൊള്ളാന്‍ നഗരസഭ യോഗം തീരുമാനമെടുത്തു.
ഇതിന് മുന്നോടിയായി പെരിങ്ങണ്ടൂര്‍, എങ്കക്കാട് കുമരനെല്ലൂര്‍, മുണ്ടത്തിക്കോട്, വടക്കാഞ്ചേരി വില്ലേജ് ഓഫീസര്‍മാരും പൊതുമരാമത്ത് നിരത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുടേയും സംയുക്ത യോഗം ചേര്‍ന്നു. പട്ടയത്തിന് വേണ്ടി അപേക്ഷ നല്‍കിയവരുടെ ഭൂമിയെ സംബന്ധിച്ചുള്ള സംയുക്ത പരിശോധന മെയ് 10 നുള്ളില്‍ പൂര്‍ത്തിയാക്കും.
ഇനിയും അപേക്ഷ നല്‍കാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം നല്‍കും മെയ് ഒമ്പത് വരെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം ലഭിക്കുക. പട്ടയം ലഭിക്കാത്തവര്‍ ഭൂമിയുടെ തൊട്ടടുത്ത സ്ഥലത്തിനെ സര്‍വ്വേ നമ്പര്‍, ഏത് വിഭാഗത്തിലാണ് ഭൂമി ഉള്‍പ്പെടുന്നതെന്നും അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.
നഗരസഭയില്‍ നിന്ന് പെന്‍ഷന്‍ ഒരു തവണയെങ്കിലും കൈപറ്റുകയും, പിന്നീട് മുടങ്ങുകയും ചെയ്തിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് അദാലത്ത് നടത്തുന്നത്. പരാതികള്‍ നിശ്ചിത മാതൃകയില്‍ ഇന്ന് മൂന്നിനകം നഗരസഭയുടെ പ്രധാന ഓഫീസില്‍ സമര്‍പ്പിക്കണം.
യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര്‍ സോമനാരായണന്‍, എന്‍.കെ പ്രമോദ് കുമാര്‍, ലൈല നസീര്‍, ജയപ്രീത മോഹന്‍, ടി.എന്‍ ലളിത എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."