കരണി റൂട്ടിലും സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു
കരണി: പനമരം-പച്ചിലക്കാട്-മീനങ്ങാടി റോഡില്‍ സ്വകാര്യ ബസുകള്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്തും.
സംയുക്ത പ്രൈവറ്റ് ബസ് തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലാണ് സമരം. കരണിയിലെ ഓട്ടോ തൊഴിലാളികള്‍ ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. ശോചനീയാവസ്ഥയിലായ വരദൂര്‍, കരണി, കാര്യമ്പാടി, പനങ്കണ്ടി റോഡിലൂടെയാണ് മീനങ്ങാടി പനമരം റൂട്ടില്‍ ബസുകള്‍ സര്‍വിസ് നടത്തി വരുന്നത്. റോഡിലുടനീളം വലിയ കുഴികളാണ്. മിക്ക ഇടങ്ങളിലും ടാറ് അടക്കം ഒലിച്ചുപോയി തകര്‍ന്ന നിലയിലുമാണ്. ഏതാണ്ട് 10 കിലോമീറ്ററോളം നടുവൊടിക്കുന്ന യാത്രയാണ് ഇവിടെ. തീര്‍ത്തും ശോചനീയാവസ്ഥയില്‍ ആയ പനമരം മീനങ്ങാടി റോഡില്‍ സര്‍വിസ് നടത്തുന്നത് നഷ്ടകച്ചവടമാണെന്ന് ബസുടമകള്‍ പറയുന്നു.
വാഹനങ്ങളുടെ ആക്‌സില്‍ ഒടിയുകയും, സ്റ്റെപ്പ് തകര്‍ന്നടിയുകയും, വലിയ കുഴികളില്‍ ചാടുമ്പോള്‍ വണ്ടിയുടെ അടിതട്ടുന്നതും പതിവാണ്. ഇത് വാഹനങ്ങളില്‍ അധിക മെയിന്റനന്‍സിന് കാരണമാകുകയാണ്. വര്‍ധിച്ച് വന്ന പെട്രോള്‍, ഡീസല്‍ ചാര്‍ജുകളും ബസുടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മിക്ക ബസുകളും ഇപ്പാള്‍ ക്ലീനറില്ലാതെയാണ് ഓടുന്നതും. റോഡിലെ കുഴികള്‍ അടച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നതാണ് ബസ് ജീവനക്കാരുടെ ആവശ്യം.
ഇതൊരു സൂചന മാത്രമാണെന്നും അടിയന്തരമായി അധികാരികള്‍ ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ അനിശ്ചിത കാലപണി മുടക്കിലേക്കും മറ്റ് സമരമുറകളിലേക്കും നീങ്ങുമെന്നും സംയുക്ത പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
ദുരന്തനിവാരണ ഫണ്ട് തര്‍ക്കം; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
മാനന്തവാടി: പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനായി മാനന്തവാടി താലൂക്കിലെ ബസ് മുതലാളിമാരും തൊഴിലാളികളും പിരിച്ച തുക കൈമാറുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ചൊവ്വ രാവിലെയാണ് മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.
അന്ന് വൈകുന്നേരം പൊലിസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെയും സമരം തുടരുമെന്ന് തൊഴിലാളി യൂനിയനുകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ 8.30ഓടെ തൊഴിലാളികള്‍ ഏകപക്ഷീയമായി സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തങ്ങളുടെ വിഹിതം കലക്ടര്‍ക്ക് നല്‍കണമെന്ന ആവശ്യം മുതലാളിമാര്‍ അംഗീകരിച്ചുവെന്നാണ് തൊഴിലാളികളടെ അവകാശവാദം. അതേസമയം മുന്‍ തീരുമാനത്തില്‍ നിന്നും ഒരടി പിന്നോട്ട് പോയിട്ടില്ലെന്നാണ് മുതലാളിമാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."