ദേലംപാടി, മുളിയാര്‍ കൃഷിഭവനുകളില്‍ ഓഫിസര്‍മാരില്ല; കര്‍ഷകര്‍ ദുരിതത്തില്‍
മുള്ളേരിയ: കൃഷിഭവനുകളില്‍ സ്ഥിരം കൃഷി ഓഫിസര്‍മാരില്ലാത്തതു കര്‍ഷകരെ ദുരിതത്തിലാക്കുന്നു. ദേലംപാടി, മുളിയാര്‍ കൃഷിഭവനുകളിലാണു രണ്ടു വര്‍ഷമായി കൃഷി ഓഫിസര്‍മാരില്ലാത്തത്. കാര്‍ഷിക മേഖലയായ ഈ പ്രദേശങ്ങളില്‍ കൃഷി ഓഫിസര്‍ ഇല്ലാത്തതു മൂലം കൃഷി വകുപ്പിന്റെതും പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നതുമായ പല പദ്ധതികളും താളം തെറ്റുകയാണ്. കര്‍ഷകര്‍ അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും ലഭിക്കാന്‍ നിരവധി തവണ ഓഫിസുകള്‍ കയറിയിറങ്ങുകയും ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയിലുമാണ്. മഴക്കാലമായതോടെ വിവിധ കൃഷികള്‍ ആരംഭിക്കുന്ന സമയം കൂടിയാണിത്.
കാലവര്‍ഷക്കെടുതിയില്‍ വിളകള്‍ക്കു നാശം സംഭവിച്ചാല്‍ കൃഷി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് രണ്ടു ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നാണ് നിയമം. നഷ്ട പരിഹാരം വിതരണം ചെയ്യേണ്ടത് കൃഷി ഓഫിസര്‍മാരുടെ ചുമതലയായതിനാല്‍ ഇവിടത്തെ ചുമതലയുള്ള ഓഫിസര്‍മാര്‍ വന്ന് ധന സഹായം ലഭിക്കാന്‍ ദിവസങ്ങളോളമാണു കാത്തിരിക്കേണ്ടി വരുന്നത്. കൃഷി പ്രധാന വരുമാനമാര്‍ഗമായ ദേലംപാടി, മുളിയാര്‍ പഞ്ചായത്തുകളിലെ കൃഷിഭവനുകളില്‍ കൃഷി ഓഫിസര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."