അത്താണി കുറുന്തലക്കോട്ട് ചിറയ്ക്ക് സമീപം അപകടം പതിവാകുന്നു
നെടുമ്പാശ്ശേരി: ആലുവ അങ്കമാലി ദേശീയ പാതയില്‍ അത്താണി കുറുന്തലക്കോട്ട് ചിറയ്ക്ക് സമീപം അപകടം പതിവാകുന്നു. ഒരു മാസത്തിനിടെ മൂന്നു വാഹനങ്ങളാണ് ഈ ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആദ്യത്തെ രണ്ട് അപകടങ്ങളിലും യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഇന്നലെയുണ്ടായ അപകടം ഒരാളുടെ ജീവന് കവര്‍ന്നെടുക്കുകയായിരുന്നു. മഴ പെയ്യുന്ന സമയത്താണ് മൂന്ന് അപകടങ്ങളും സംഭവിച്ചത് എന്നതും ശ്രദ്ധേയമാണ്.
റോഡില്‍ കൂടുതല്‍ വാഹനങ്ങള്‍ ഇല്ലാതിരുന്ന സമയത്താണ് അപകടങ്ങള്‍ എന്നതുകൊണ്ട് മാത്രമാണ് അപകടത്തിന്റ വ്യാപ്തി കുറഞ്ഞത്. ഇന്നലത്തെ അപകടത്തില്‍ വാഹനം ചിറയിലേക്ക് മറിഞ്ഞെങ്കിലും ചിറയുടെ വെള്ളമില്ലാത്ത ഭാഗത്ത് ആയതിനാല്‍ വന്‍ ദുരന്തം വഴി മാറുകയായിരുന്നു. റോഡിലെ മിനുസവും, മഴ ശക്തമായതോടെ ദേശീയ പാതയില്‍ പലയിടത്തും കുഴികള്‍ രൂപപ്പെട്ടതുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.
മഴ ആരംഭിച്ചപ്പോള്‍ തന്നെ അപകടങ്ങള്‍ കുറക്കാന്‍ ദേശീയ പാതയില്‍ ചിലയിടങ്ങളില്‍ പ്രത്യേക യന്ത്രം ഉപയോഗിച്ച് റോഡില്‍ മിനുസം കൂടിയ ഭാഗങ്ങളില്‍ പരുക്കന്‍ ആക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ കുറുന്തലക്കോട് ചിറയുടെ ഭാഗത്ത് ഇപ്പോഴും റോഡ് മിനുസപ്പെട്ടാണ് കിടക്കുന്നത്.
മൂന്നാഴ്ച്ചകള്‍ക്ക് മുന്‍പ് ഈ ഭാഗത്ത് നിയന്ത്രണംവിട്ട ടവേര കാര്‍ മൂന്ന് പ്രാവശ്യം മറിഞ്ഞതിനു ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ത്താണ് നിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."