സെന്‍കുമാര്‍ കേസില്‍ പിഴ ചുമത്തിയിട്ടില്ല, സര്‍ക്കാര്‍ മാപ്പുപറഞ്ഞിട്ടില്ല: മുഖ്യമന്ത്രി പ്രതിപക്ഷം
തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്റെ കേസില്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രിം കോടതി പിഴ ചുമത്തുകയോ സര്‍ക്കാര്‍ കോടതിയില്‍ മാപ്പുപറയുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഇതു സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കെ മുരളീധരനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സുപ്രിം കോടതി സര്‍ക്കാരിന് 25,000 രൂപ പിഴ ചുമത്തിയെന്നു പറയുന്നത് ശരിയല്ല. ലീഗല്‍ സര്‍വിസ് സൊസൈറ്റിയില്‍ ബാലനീതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 25,000 രൂപ അടയ്ക്കാനാണ് കോടതി പറഞ്ഞത്. കോടതി വിധി സര്‍ക്കാരിനു തിരിച്ചടിയുമല്ല. സെന്‍കുമാറിനെ വീണ്ടും സംസ്ഥാന പൊലിസ് മേധാവിയായി നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടിയാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. നിയമോപദേശം ലഭിച്ചതിനുശേഷം സാമാന്യ ബുദ്ധിവച്ചാണ് കോടതിയെ സമീപിച്ചത്. തക്കതായ കാരണമുള്ളതുകൊണ്ടാണ് സെന്‍കുമാറിനെ മാറ്റിയത്. ഈ കേസില്‍ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ല. സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഉണ്ടായത്. കോടതി വിധിയോട് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ അനാദരവ് കാട്ടിയിട്ടില്ല.സര്‍ക്കാരിന്റെ പിഴവുകള്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടില്ല. മുഖത്ത് അടികിട്ടിയത് ഈ സര്‍ക്കാരിനല്ല. കഴിഞ്ഞ സര്‍ക്കാരിനാണ് കോടതിയില്‍നിന്ന് അടിയോടടി കിട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെന്‍കുമാറിനെ മാറ്റുകവഴി മുഖ്യമന്ത്രി നിയമസഭയ്ക്കും നാടിനും അവമതിപ്പുണ്ടാക്കിയെന്ന് കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി വീണിടത്തുകിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. സി.പി.എം കേന്ദ്ര കമ്മിറ്റിയെയും പൊളിറ്റ് ബ്യൂറോയെയും കബളിപ്പിക്കുന്നതു പോലെ സുപ്രിം കോടതിയെ കബളിപ്പിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."