ജീവനും കൈയില്‍പിടിച്ച് തൂക്കുപാലത്തിലൂടെയുള്ള യാത്ര
ബോവിക്കാനം: തൂക്കുപാലത്തിന്റെ സ്ലാബുകള്‍ തകര്‍ന്നതോടെ യാത്രക്കാര്‍ അപകട ഭീതിയില്‍. മുളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൊട്ടല്‍ തൂക്കുപാലമാണ് സ്ലാബുകള്‍ തകര്‍ന്ന് അപകടാവസ്ഥയിലായത്.ബാവിക്കര പയസ്വിനി പുഴയ്ക്കു കുറുകെ വര്ഷങ്ങള്ക്കുമുന്പു നിര്‍മിച്ച തൂക്കുപാലത്തിന്റെ അഞ്ചോളം സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞു കോണ്ക്രീറ്റുകള് അടര്‍ന്നുവീണ് ഇരുമ്പുകമ്പികള്‍ മാത്രമാണ് കാണുന്നത്. സ്ലാബുകള്‍ക്കിടയില്‍ വന്‍ വിടവുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. നിയന്ത്രണമില്ലാതെ പാലത്തിലൂടെ ഇരുചക്രവാഹനങ്ങള്‍ ഓടുന്നതു കാരണമാണ് സ്ലാബുകള്‍ തകര്‍ന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കാല്‍നടയാത്രക്കാര്‍ക്കു വേണ്ടി മാത്രം നിര്‍മിച്ച തൂക്കുപാലത്തിലൂടെ രാപകല്‍ ഭേദമില്ലാതെ ഒട്ടേറെ വാഹനങ്ങളാണു പോകുന്നത്. സ്ലാബുകള്‍ തകര്‍ന്നിട്ടും ഇതിനൊരു കുറവുമില്ല. മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്തുനിന്നു ബേഡഡുക്ക പഞ്ചായത്തിലെ പെര്ളടുക്കയിലും കുണ്ടംകുഴിയിലുമെത്താനുള്ള എളുപ്പവഴിയാണ് ഈ പാലം. ചട്ടഞ്ചാല്‍ പൊയിനാച്ചി വഴി റോഡിലൂടെ പോകുമ്പോഴുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം ഇതിലൂടെ കുറവാണ്. ഈ ദൂരം ലാഭിക്കാന്‍ വേണ്ടിയാണ് ഇരുചക്രവാഹനങ്ങള്‍ ഇതിലൂടെ പോകുന്നത്. സ്ലാബുകള്‍ തകര്‍ന്നതോടെ നിത്യേന ഇതുവഴി പോകുന്ന വിദ്യാര്‍ഥികളും സ്ത്രികളുമടക്കമുള്ള നൂറുകണക്കിനുപേര്‍ അപകടം മുന്നില്‍ക്കണ്ടാണ് യാത്ര ചെയ്യുന്നത്. സ്ലാബുകള്‍ നന്നാക്കാനും വാഹനഓട്ടം തടയാനുമുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."