തൃക്കരിപ്പൂര്‍ പോളിടെക്‌നിക്ക് കോളജിലെ സംഘര്‍ഷം: പി.ടി.എയുടെ തീരുമാനങ്ങള്‍ അട്ടിമറിച്ചു
തൃക്കരിപ്പൂര്‍: വിദ്യാര്‍ഥി സംഘര്‍ഷം തുടര്‍ച്ചയായ തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ സമാധാന അന്തരീക്ഷം ഉണ്ടാക്കാന്‍ കഴിഞ്ഞ അധ്യായന വര്‍ഷം രൂപീകൃതമായ സംരക്ഷണ സമിതിയുടെ തീരുമാനങ്ങള്‍ പ്രിന്‍സിപ്പല്‍ ബോധപൂര്‍വം അട്ടിമറിക്കുകയായിരുന്നുവെന്ന് ആരോപണം.
വിദ്യാര്‍ഥി സംഘര്‍ഷം മൂലം അടഞ്ഞുകിടന്ന തൃക്കരിപ്പൂര്‍ പോളി തുറക്കുന്നതിന് അന്ന് പി.ടി.എ ജനറല്‍ ബോഡിയോഗം വിളിച്ചു ചേര്‍ത്താണ് പരിഹാരം കണ്ടിരുന്നത്. മുന്നൂറിലധികം രക്ഷിതാക്കള്‍ അന്നത്തെ പി.ടിഎ യോഗത്തില്‍ സംബന്ധിച്ചിരുന്നു. അന്നത്തെ യോഗത്തില്‍ ജനപ്രതിനിധികളെയും മറ്റും ഉള്‍പ്പെടുത്തി സംരക്ഷണ സമിതിയുണ്ടാക്കാനും അഭിപ്രായമുയര്‍ന്നു. സംഘര്‍ഷത്തിനും തര്‍ക്കത്തിനും കാരണമായി മാറുന്ന കോളജിലെ ചുമരെഴുത്തുകളും കൊടി തോരണങ്ങളും നീക്കുന്നതിനും യോഗത്തില്‍ നിര്‍ദേശമുണ്ടായി. എസ്.എഫ്.ഐയുടെ കൊടി തോരണങ്ങളാണ് കാംപസിനകത്തുള്ളത്.
പി.ടി.എ തീരുമാനമെടുത്ത് ഒരു അധ്യാന വര്‍ഷം കഴിഞ്ഞിട്ടും തീരുമാനം നടപ്പാക്കാന്‍ പ്രിന്‍സിപ്പലിന് കഴിഞ്ഞിട്ടില്ല. കൃത്യമായ നടപടികള്‍ വരാത്തതാണ് പോളിയില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായി മാറുന്നത്.
അതേസമയം, തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളജില്‍ സംഘര്‍ഷങ്ങള്‍ക്കു കോപ്പുകൂട്ടുന്നത് എസ്.എഫ്.ഐയാണെന്ന് യു.ഡി.എസ്.എഫ് ആരോപിച്ചു. ബുധനാഴ്ച യു.ഡി.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി നടത്താന്‍ അനുവദിക്കാത്തതിലൂടെ സംഘര്‍ത്തിനു തുടക്കം കുറിക്കാന്‍ ശ്രമിച്ചെങ്കിലും പൊലിസിന്റെ ശക്തമായ ഇടപെടലില്‍ ശ്രമം പാളുകയായിരുന്നു. എസ്.എഫ്.ഐക്കാരല്ലാത്ത മറ്റു വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്ന നിലപാടുകളാണ് എസ്.എഫ്.ഐ തുടര്‍ന്നുപോകുന്നതെന്നും എതിര്‍ക്കുന്നവരെ അടിച്ചൊതുക്കുക എന്ന എസ്.എഫ്.ഐയുടെ സമീപനമണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നതെന്നും യു.ഡി.എസ്.എഫ് ആരോപിച്ചു.
സമരത്തിന്റെ പേരില്‍ ഒരു ദിവസം പോലും അധ്യായനം മുടങ്ങാതിരുന്ന തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്‌നിക് കോളജ് എസ്.എഫ്.ഐ സമരത്തിന്റെ പേരില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കോളജ് അടച്ചിടേണ്ടി വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."