ബിഷപ്പിനെതിരേയുള്ള പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സഭയുടെ അന്വേഷണ റിപ്പോര്‍ട്ട്
കോട്ടയം: പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളടുക്കുന്ന സാഹചര്യത്തിലും പ്രതിരോധം ശക്തമാക്കി സഭാ നേതൃത്വം. കന്യാസ്ത്രീ പീഡന പരാതി നല്‍കുകയും ബിഷപ്പിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഒരുവിഭാഗം കന്യാസത്രീകളുടെ സമരവും ഗൂഢാലോചനയുടെ ഭാഗമാണെന്ന കണ്ടെത്തലുമായി മിഷണറീസ് ഓഫ് ജീസസ് കമ്മിഷന്റെ പ്രാഥമിക റിപോര്‍ട്ട്. സമരം ചെയ്യുന്ന അഞ്ച് കന്യാസ്ത്രീകള്‍ സഭയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ലാത്ത നാല് വ്യക്തികളുടെ സഹായത്തോടെയാണ് ഗൂഢാലോചന നടത്തിയതെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു.
യുക്തിവാദികളുടെ പിന്തുണയും ചിന്തകളും കന്യാസ്ത്രീകളെ സ്വാധീനിച്ചിട്ടുണ്ട്. സന്യാസ ജീവിതത്തിന്റെ പരമപ്രധാനമായ 'വൃതനവീകരണം' നടത്താന്‍ കന്യാസ്ത്രീകള്‍ വിസമ്മതിച്ചത് യുക്തിവാദി ചിന്തയ്ക്ക് ഗൗരവമേറിയ തെളിവാണെന്ന് അന്വേഷണ കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം പീഡിപ്പിച്ചെന്ന് പറയുന്ന 2014 മെയ് അഞ്ചിന് ബിഷപ്പ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നില്ലെന്നും ബിഷപ്പിനെ വെള്ളപൂശുന്ന റിപോര്‍ട്ടിലുണ്ട്. അതേ സമയം കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്‍കിയ ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയെന്ന് സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ച് പൊലിസ് സ്ഥിരീകരിച്ചിരുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് കന്യാസ്ത്രീയെ നിരവധി തവണ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 2015 മെയ് 23ന് ബിഷപ്പ് പങ്കെടുത്ത വീട് വെഞ്ചരിപ്പ് ചടങ്ങില്‍ ആവേശത്തോടെ പരാതിക്കാരി പങ്കെടുത്തിട്ടുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. കഴിഞ്ഞ ദിവസമാണ് ബിഷപ്പിനെതിരായ പീഡന ആരോപണത്തില്‍ മിഷണറീസ് ഓഫ് ജീസസ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്റെ റിപോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."