കൊച്ചി കപ്പല്‍ നിര്‍മാണശാല സ്വകാര്യവല്‍ക്കരിക്കരുത്: പി. കരുണാകരന്‍ എം.പി
കാസര്‍കോട്: രാജ്യത്തുതന്നെ ഏറെ പ്രധാന്യമുള്ള കൊച്ചി കപ്പല്‍ നിര്‍മാണശാല സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പി. കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. എ.കെ.ജിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ജനങ്ങളൊന്നടങ്കം നടത്തിയ വലിയ പോരാട്ടത്തിന്റെ ഭാഗമായാണ് കൊച്ചി കപ്പല്‍ നിര്‍മാണശാല കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന ഈ കപ്പല്‍ നിര്‍മാണശാലക്ക് സമീപം സ്വകാര്യമേഖലയില്‍ മറ്റൊരു സ്ഥാപനം തുടങ്ങിയതിന്റെ ഭാഗമായാണ് ഇത് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. സ്വകാര്യവല്‍ക്കരണത്തിനെതിരായി കൊച്ചിയിലെ എല്ലാ യൂനിയനുകളും യോജിച്ച സമരത്തിലാണ്.
പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ ആറ് പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഇതില്‍ പ്രധാനപ്പെട്ടതാണ് കൊച്ചി കപ്പല്‍ നിര്‍മാണ ശാല. സ്വകാര്യവല്‍ക്കരണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ച് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരളത്തിലെ എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടുകയും പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ നിവേദനവും നല്‍കിയിട്ടുണ്ട്. സ്വകാര്യവല്‍ക്കരണ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് കേരളത്തിലെ ഇടതുപക്ഷ എം.പിമാര്‍ പ്രധാനമന്ത്രിക്കും ഷിപ്പിങ്ങിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിക്കും നല്‍കിയ നിവേദനത്തിലും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."