ഫലസ്തീനുള്ള സഹായം വീണ്ടും റദ്ദാക്കി യു.എസ്
വാഷിങ്ടണ്‍: ഫലസ്തീനുള്ള സഹായം വീണ്ടും റദ്ദാക്കി ട്രംപ് ഭരണകൂടം. ഫലസ്തീന്-ഇസ്റാഈല്‍ സംഘര്‍ഷ പരിഹാരത്തിനായി നല്‍കിയിരുന്ന പത്ത് മില്യന്‍ ഡോളറിന്റെ സഹായമാണ് റദ്ദാക്കിയത്.
ഇതോടെ ഫലസ്തീന് യു.എസ് റദ്ദാക്കിയ സഹായം 500 മില്യനില്‍ കൂടുതലായി. അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, ഗസ്സ, ഇസ്റാഈലിലെ ഫലസ്തീന് പൗരന്മാര്ക്കും ജൂതന്മാര്ക്കും വിനിയോഗിച്ചിരുന്ന സാഹായമാണിത്.
റദ്ദാക്കിയിരിക്കുന്ന സഹായങ്ങള്‍ ഇസ്റാഈലിലെ ഫലസ്തീന് പൗരന്മാരുടെയും ജൂതന്മാരുടെയും പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്നും യു.എസ് അധികൃതര്‍ അറിയിച്ചു. ഫലസ്തീനികള്‍ക്ക് നല്‍കിയിരുന്ന സൈനികമല്ലാത്ത മുഴുവന്‍ സഹായങ്ങളും റദ്ദാക്കിയോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും നല്കാന് തീരുമാനിച്ച സഹായങ്ങള്‍ ഇസ്റാഈലിലെ പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, മേഖലയിലെ സമാധാനത്തിനായി അസ്വീകാര്യവും യോജിക്കാനാവാത്തതുമായ തീരുമാനങ്ങള്‍ അനുസരിപ്പിക്കാനുള്ള യു.എസ് ബ്ലാക്ക് മെയിലുകളാണ് തങ്ങള്‍ക്കുള്ള സഹായം റദ്ദാക്കലുകളെന്ന് ഫലസ്തീന് കുറ്റപ്പെടുത്തി.
യു.എന്നിന് കീഴില്‍ ഫലസ്തീന് അഭയാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സഹായം ഉള്‍പ്പെടെയുള്ളവ യു.എസ് നേരത്തെ റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."