സുലൈമാന്‍ ഫൈസി മാളിയേക്കല്‍: വിടവാങ്ങിയത് മഹാ പണ്ഡിതന്‍
കാളികാവ്: സുലൈമാന്‍ ഫൈസി മാളിയേക്കലിന്റെ വിയോഗം സമസ്തക്ക് തീരാനഷ്ടം. മലപ്പുറം, കോഴിക്കോട്, തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലകളില്‍ സമസ്തയുടെ വളര്‍ച്ചയില്‍ സുലൈമാന്‍ ഫൈസി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കോഴിക്കോട് നടക്കാവ് മേഖലയില്‍ നിന്നാണ് ഫൈസി സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
കേരളത്തിന്റെ ഉപമുഖ്യമന്ത്രിപദവി വഹിച്ച സി.എച്ച് മുഹമ്മദ് കോയയുടെ മരണാനന്തര ചടങ്ങിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
ആകാശവാണി സംപ്രേഷണം ചെയ്ത സി.എച്ചിന്റെ മരണാനന്ത ചടങ്ങുകളില്‍ ഫൈസിയുടെ ശബ്ദം ഏവരെയും ആകര്‍ശിച്ചു. ഒരു ചടങ്ങിലൂടെ ശ്രദ്ധേയനായ ഫൈസിക്ക് കോഴിക്കോട് നടക്കാവ് മേഖലയില്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നേടിയെടുക്കാന്‍ സാധിച്ചു.
വിനയത്തോടെപ്പം ഇസ്‌ലാമിക വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ഫൈസി നേതൃനിരയിലേക്ക് എത്തിപ്പെടുകയും ചെയ്തു. മലപ്പുറം ജില്ലാ സമസ്ത മുശാവറ അംഗമായ ഫൈസി മികച്ച പ്രഭാഷകനുമായിരുന്നു. കിഴക്കന്‍ ഏറനാട്ടിലെ വിവിധ ദീനി സ്ഥാപനങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും മുഖ്യ പങ്കുവഹിച്ച അദ്ദേഹം നല്ലൊരു സംഘാടകനായിരുന്നു.
രോഗകാലത്ത് ഫൈസിയുടെ ജീവിത രീതി വേറിട്ട രീതിയിലായിരുന്നു. ഫൈസി നേതൃത്വം നല്‍കുന്ന കാളികാവ് അടയ്ക്കാകുണ്ടിലെ ഹിമ കാരുണ്യ ഭവനത്തിലാണ് അദ്ദേഹം ചെലവഴിച്ചത്. സമൂഹം പുറംതള്ളപ്പെട്ടവരുടെ കൂടെ കഴിയാന്‍ തീരുമാനിച്ച ഫൈസിയെ ആര്‍ക്കും പിന്തിരിപ്പിക്കാനായില്ല.
രോഗാവസ്ഥയില്‍ ചെറിയ ആശ്വാസം ലഭിച്ച ഫൈസി ജന്മനാടായ മാളിയേക്കലിലെത്തി അന്ത്യവിശ്രമത്തിനുള്ള സ്ഥലം ചൂണ്ടികാണിച്ച് കൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം ചൂണ്ടിക്കാണിച്ച് കൊടുത്ത സ്ഥലത്ത് ഖബര്‍ കുഴിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."