പരാതികളില്‍ 25 ശതമാനവും പൊലിസ് അതിക്രമവുമായി ബന്ധപ്പെട്ടത്: മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍
കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷനു മുന്നിലെത്തുന്ന പരാതികളില്‍ 25 ശതമാനവും പൊലിസ് അതിക്രമവുമായി ബന്ധപ്പെട്ടവയാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ്. പീപ്പിള്‍സ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ 'നീതി നിഷേധങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തില്‍ പൊലിസ് ക്ലബില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സംസ്ഥാനത്തൊട്ടാകെ ആയിരത്തിലധികം പരാതികളാണ് ലഭിച്ചത്. മെഡിക്കല്‍ മേഖലകളിലെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ മനുഷ്യാവകാശ കമ്മിഷന്റെ പരിധിയില്‍ വരില്ല. എന്നാല്‍ ഇത്തരം പരാതികള്‍ക്ക് പരിഹാരം കാണാന്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളില്‍ ലോക്അദാലത്തുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇവര്‍ക്ക് ഒരു കോടി രൂപവരെ നഷ്ടപരിഹാരം ലഭ്യാക്കാനുള്ള അധികാരമുണ്ടെന്നും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു. പീപ്പിള്‍സ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എസ്. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായി. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, പി.ജെ കുര്യന്‍, ഇളയിടത്ത് വേണുഗോപാല്‍, സിസിലി നെല്‍സണ്‍ സംസാരിച്ചു. എം.എ.ഐ റാവുത്തര്‍ സ്വാഗതവും ചെറിയാന്‍ തോട്ടുങ്കല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."