പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: അക്കാദമിക ആക്ഷന്‍പ്ലാന്‍ നവംബര്‍ 30ന് മുന്‍പ് തയാറാക്കണം
തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ്‌കൂളുകളിലും നവംബര്‍ 30നു മുന്‍പ് അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ ആക്ഷന്‍പ്ലാന്‍ തയാറാക്കണമെന്നു മന്ത്രി സി. രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സംസ്ഥാനതല അവലോകന ആസൂത്രണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തരം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഏതു രീതിയില്‍ മുന്നോട്ടുപോകണമെന്നതിനെ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും സീമാറ്റ് കേരളയാണ് യോഗം സംഘടിപ്പിച്ചത്. ആക്ഷന്‍പ്ലാന്‍ തയാറാക്കുന്നതിനു വിവിധ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ സ്‌കൂളുകള്‍ക്കു വേണ്ട സഹായം നല്‍കണം. പ്രാദേശികമായി പഠനങ്ങള്‍ നടത്തി അനുയോജ്യമായ തരത്തില്‍ പ്രവൃത്തിദിനങ്ങള്‍ ക്രമപ്പെടുത്തി 200 പഠന ദിനങ്ങള്‍ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
141 അന്താരാഷ്ട്ര സ്‌കൂളുകളുടെ നിര്‍മാണം മോണിറ്റര്‍ ചെയ്യുന്നതിനും ജൂണ്‍ ഒന്നിനു തുറക്കാന്‍ പാകത്തില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യാനുള്ള കര്‍മപദ്ധതിക്കു യോഗം രൂപം നല്‍കി. അക്കാദമികവും ഭരണപരവുമായ കാര്യങ്ങളെ ജില്ലാതലത്തില്‍ നിരീക്ഷിക്കുന്നതിനു ഡി.ഡി.ഇയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. എസ്.എസ്.എയുടെ ഉദ്യോഗസ്ഥന്‍, ഡയറ്റിലെ അധ്യാപകന്‍, ഐ.ടി അറ്റ് സ്‌കൂളിലെ വിദഗ്ധന്‍, യജ്ഞത്തിലെ ജില്ലാ കോഡിനേറ്റര്‍ എന്നിവരാണു സമിതിയിലെ മറ്റംഗങ്ങള്‍. നവംബര്‍ 30നു മുന്‍പ് ആക്ഷന്‍ പ്ലാനുകള്‍ തയാറാക്കുന്നതിനു സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന്‍ ഐ.എ.എസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ്, ഹയര്‍സെക്കന്‍ഡറി ഡയരക്ടര്‍ സുധീര്‍ ബാബു ഐ.എ.എസ്, വി.എച്ച്.എസ്.ഇ ഡയരക്ടര്‍ പ്രൊഫ. ഫറൂഖ്, എസ്.സി.ഇ.ആര്‍.ടി ഡയരക്ടര്‍ ഡോ. ജെ. പ്രസാദ്, എസ്.ഐ.ഇ.ടി ഡയരക്ടര്‍ അബുരാജ്, കൈറ്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അന്‍വര്‍ സാദത്ത്, യജ്ഞം കോഡിനേറ്റര്‍ ഡോ. സി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദുരന്തത്തെ തുടര്‍ന്നു സംസ്ഥാനം നേരിടുന്ന മാലിന്യ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സഹകരിച്ചു ഹരിതകേരളം മിഷന്‍ നടപ്പിലാക്കുന്ന പരിപാടികള്‍ ഡോ. ടി.എന്‍ സീമ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."