വെങ്ങോല പഞ്ചായത്തിലെ കാവലക്കുളം വൃത്തിയാക്കി
പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള തണ്ടേക്കാട് കാവലക്കുളം 50 ദിനം നൂറ് കുളം പദ്ധതിയില്‍പ്പെടുത്തി ഉപയോഗപ്രദമാക്കി.
പത്ത് സെന്റ് വിസ്തൃതിയുള്ള കുളം കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. പ്ലാസ്റ്റിക്കും മാലിന്യങ്ങളും പായലും പുല്‍ച്ചെടികളും കൊണ്ട് നിറഞ്ഞ കുളം വൃത്തിയാക്കാന്‍ നാട്ടുകാരുടെ സജീവപങ്കാളിത്തമുണ്ടായിരുന്നു. തണ്ടേക്കാട് ജമാഅത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, ഫോറസ്ട്രി ക്ലബ്, ഭൂമിത്ര സേന ക്ലബ് എന്നിവയിലെ മെമ്പര്‍മാരും സജീവ പങ്കാളികളായി.
കുളം വൃത്തിയാക്കിയതോടെ പ്രദേശത്തെ 70 വീടുകള്‍ക്ക് പ്രയോജനകരമാകും. ചുറ്റുപാടുമുള്ള കൃഷിയിടങ്ങള്‍ക്കും അങ്കണവാടി, ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും കുളത്തില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കാനാവും. അതത് പ്രദേശത്തെ ജലസംഭരണികള്‍ വൃത്തിയാക്കി സൂക്ഷിച്ചു കൊണ്ടു മാത്രമേ വരാനിരിക്കുന്ന വരള്‍ച്ചയെ നേരിടാനാവു എന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. തദ്ദേശവാസികളുടെ പങ്കാളിത്തം ഇതില്‍ പ്രധാനമാണെും അദ്ദേഹം പറഞ്ഞു. മെയ് 30ന് അവസാനിക്കുന്ന 50 ദിനം 100 കുളം പദ്ധതിയില്‍ പെടുത്തി വൃത്തിയാക്കിയ 111-ാമത് കുളമാണ് കാവലക്കുളം.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ മുക്താര്‍, തണ്ടേക്കാട് ജമാഅത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ എം.എം അബ്ദുല്‍ ലത്തീഫ്, ഹെഡ്മാസ്റ്റര്‍ വി.പി അബൂബക്കര്‍, പി.ടി.എ പ്രസിഡന്റ് വി.എം അബു, എന്‍.എസ്.എസ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ബിനോയ്.കെ.ജോസഫ്, ഫോറസ്ട്രി ക്ലബ് കണ്‍വീനര്‍ കെ.എ നൗഷാദ്, റ്റി.പി മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."